കേരള മീഡിയ അക്കാദമിയുടെ 2016-ലെ ആറു മാധ്യമ അവാർഡുകൾ എറണാകുളം പ്രസ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു പ്രഖ്യാപിച്ചു. 25000/- രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം. ജനുവരിയിൽ മീഡിയ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.
മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡിന് മലയാള മനോരമ ദിനപത്രത്തിന്റെ എ.എസ്. ഉല്ലാസ് അർഹനായി. മലയാളിയുടെ ദൈനംദിന ഭക്ഷണത്തി ലുൾപ്പെടുന്ന മീൻ കേടുകൂടാതിരിക്കാൻ ചേർക്കുന്ന രാസവസ്തുക്കളുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ സമൂഹശ്രദ്ധയിലെത്തിക്കുന്ന ‘തിന്നുന്നതെല്ലാം മീനല്ല’ എന്ന റിപ്പോർട്ടാണ് ഇദ്ദേഹത്തെ അവാർഡിനർഹനാക്കിയത്. ഡോ. ടി. എൻ. സീമ, പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള, സണ്ണികുട്ടി എബ്രഹാം എന്നിവരായിരുന്നു വിധിനിർണ്ണയ സമിതിയംഗങ്ങൾ.
മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എൻ. എൻ. സത്യവ്രതൻ അവാർഡിന് മംഗളം ദിനപത്രത്തിലെ ലേഖകൻ വി.പി. നിസാർ അർഹനായി. 2016 ഡിസംബർ 27 മുതൽ 31 വരെ പ്രസിദ്ധീകരിച്ച അവഗണനയുടെ അരക്ഷിതാവസ്ഥയിൽ നിന്നും ജ്വലിച്ചുയരുന്ന കാടിന്റെ മക്കളുടെ നേട്ടങ്ങളെക്കുറിച്ചുള്ള അന്വേഷണപരമ്പരയായ ‘ഊരുകളിലുമുണ്ട് ഉജ്ജ്വലരത്‌നങ്ങൾ’ ആണ് നിസാറിനെ അവാർഡിനർഹനാക്കിയത്. സി.പി. നായർ, എൻ. മാധവൻകുട്ടി, സരിതാവർമ്മ എന്നിവരായിരുന്നു വിധിനിർണ്ണയസമിതിയംഗങ്ങൾ.
മികച്ച പ്രാദേശിക പത്രപ്രവർത്തനത്തിനുള്ള ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡിന് മാതൃഭൂമി ദിനപത്രത്തിന്റെ കളമശ്ശേരി ലേഖകൻ എൻ.പി. ഹരിദാസ് അർഹനായി. എറണാകുളം ജില്ലയിലെ ആരോഗ്യമേഖലയിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിയുന്ന കളമശ്ശേരി മെഡിക്കൽ കോളേജിന്റെ ശോച്യാവസ്ഥ വ്യക്തമാക്കുന്ന ‘ചികിത്‌സ വേണം ഈ മെഡിക്കൽ കോളേജിന് ‘ എന്ന പരമ്പരയാണ് ഇദ്ദേഹത്തെ അവാർഡിനർഹനാക്കിയത്. പി. സുജാതൻ, എസ്. നാസർ, മനോജ് പുതിയവിള എന്നിവരായിരുന്നു വിധിനിർണ്ണയസമിതിയംഗങ്ങൾ.
മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡിന് കേരളഭൂഷണം ദിനപത്രത്തിലെ എക്‌സിക്യൂട്ടീവ് എഡിറ്ററായ കെ.എം. സന്തോഷ്‌കുമാർ അർഹനായി. മാറുന്ന സാമൂഹ്യ സാഹചര്യങ്ങൾക്കനുസരിച്ച് കേരളത്തിലെ വൃദ്ധജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആശയം അവതരിപ്പിച്ച ‘വേണം പുതിയ സാമൂഹ്യസ്ഥാപനങ്ങൾ’ എന്ന എഡിറ്റോറിയലാണ് സന്തോഷ്‌കുമാറിനെ അവാർഡിന് അർഹനാക്കിയത്. പ്രഭാവർമ്മ, എം.പി. അച്യുതൻ, എൻ.പി. രാജേന്ദ്രൻ എന്നിവരായിരുന്നു വിധിനിർണ്ണയ സമിതിയംഗങ്ങൾ.
മികച്ച ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള മീഡിയ അക്കാദമി അവാർഡിന് മെട്രോ വാർത്തയിലെ ചീഫ് ഫോട്ടോഗ്രാഫർ മനു ഷെല്ലി അർഹനായി. അപകടത്തിൽപ്പെട്ട് റോഡിൽ മരണാസന്നനായി കിടക്കുന്ന സ്‌കൂട്ടർ യാത്രക്കാരനെ അവഗണിച്ച് കടന്നു പോകുന്ന യാത്രക്കാരുടെ ദൃശ്യം പകർത്തിയ ‘മറക്കരുത് മനുഷ്യനാണ് ‘എന്ന ചിത്രമാണ് മനുവിനെ അവാർഡിനർഹനാക്കിയത്. എൻ. ബാലകൃഷ്ണൻ, രാജൻ പോൾ, പി. മുസ്തഫ, എന്നിവരായിരുന്നു വിധിനിർണ്ണയസമിതിയംഗങ്ങൾ.