കാക്കനാട്: ആഗോള കേരളീയ മാധ്യമ സംഗമം 2018 ജനുവരി 5-ന് കൊല്ലത്ത് നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എത്തുന്ന കേരളീയ മാധ്യമ പ്രവര്‍ത്തകര്‍ സംഗമിക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ലോക കേരള സഭയുടെ മുന്നോടിയായാണ് സംരംഭമെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍. എസ്. ബാബു പറഞ്ഞു. നോര്‍ക്ക, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് സംഗമം നടത്തുന്നത്. ലോക കേരള സഭയുടെ രൂപീകരണസമ്മേളനം 2018 ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തില്‍ നടക്കും. പ്രവാസി കേരളീയരെ സംബന്ധിക്കുന്ന പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇതുവരെ ഒരു പൊതുസഭ ഉണ്ടായിരുന്നില്ല. അതിന് പരിഹാരമായ ലോക കേരള സഭയുടെ രൂപീകരണ സമ്മേളനത്തിന് പ്രവാസി മാധ്യമസ്ഥാപനങ്ങളുടെയും പ്രവര്‍ത്തകരുടെയും പിന്തുണയേകേണ്ടതുണ്ട്. അതിനു വേണ്ടി കൂടിയാണ് മാധ്യമസംഗമം നടത്തുന്നത്.
അമേരിക്ക, ആസ്‌ട്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് 25-ഓളം മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ അക്കാദമിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അക്കാദമി സെക്രട്ടറി കെ. ജി. സന്തോഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.