ആലുവ: ഹരിത കേരളം മിഷൻ നടപ്പിലാക്കുന്ന മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം രണ്ടാം ഘട്ടം ക്യാമ്പയിന്റ സംസ്ഥാന തല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി.മൊയ്തീൻ നിർവഹിച്ചു. ഹരിതകേരളത്തെ മലിനമാക്കുന്നവർക്കെതിരെ സ്വീകരിക്കേണ്ട നിയമ നടപടികൾ അടങ്ങിയ കൈപുസ്തകം ‘ഹരിത നിയമങ്ങൾ ‘ മന്ത്രി പ്രകാശനം ചെയ്തു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ശക്തമായ നിയമങ്ങളും ചട്ടങ്ങളും രാജ്യത്ത് നിലവിലുണ്ടെങ്കിലും അവ പ്രായോഗികമായി നടപ്പിലാക്കുന്നതിൽ ഏറെ മുന്നോട്ടു പോകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നേരിട്ട് നിയമ നടപടികൾ സ്വീകരിക്കാവുന്നവയും മറ്റ് ഏജൻസികളുടെ സഹായത്തോടെ നിയമനടപടികൾ സ്വീകരിക്കാവുന്നവയും ഉണ്ട്. പൊതുജനങ്ങളിലും ജനപ്രതിനിധികളിലും ഇത്തരം നിയമങ്ങളെ കുറിച്ച് അവബോധം വളർത്തിയെടുത്ത് ശാസ്ത്രീയവും സുരക്ഷിതവുമായ മാലിന്യ സംസ്കരണം ശീലമായി മാറ്റുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്കുവഹിക്കാൻ കഴിയും. ഹരിത കേരളം മിഷൻ പുറത്തിറക്കുന്ന പുസ്തകം വിപുലമായ നിയമബോധവത്കരണ ക്യാമ്പയിന് തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു. വികസനമെന്നാൽ ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കലാണ്. മുഴുവൻ വകുപ്പുകളും ഒന്നായി നിന്ന് ഇതിന് പരിശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അഥോറിറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഹരിത നിയമാവലി ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ക്യാമ്പയിന്റ പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നത് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ആണ്. ചൂർണിക്കര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ അൻവർ സാദത്ത് എംഎൽഎ അധ്യക്ഷനായി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് കെ.വി.മാലതി പുസ്തകം ഏറ്റുവാങ്ങി. ഹരിത കേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ സീമ മുഖ്യ പ്രഭാഷണം നടത്തി. കില ഡയറക്ടർ ഡോ. ജോയ് ഇളമൺ മുഖ്യാതിഥിയായി. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ സുജിത് കരുൺ, ചൂർണിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.വി.ഷാജി ,
ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എ.പി.ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.