കൊച്ചി: കൊച്ചി റിഫൈനറിയില്‍ ബിപിസിഎലിന്റെ സംയോജിത റിഫൈനറി വികസന കോംപഌക്‌സ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. പെട്രോകെമിക്കല്‍ കോംപ്ലക്‌സിന് ശിലാസ്ഥാപനം നിര്‍വഹിക്കുകയും ചെയ്തു. ഇതോടൊപ്പം ഐഒസിയുടെ മൗണ്ടഡ് എല്‍പിജി സ്‌റ്റോറേജ് സംവിധാനം ഉദ്ഘാടനം ചെയ്യുകയും എറ്റുമാനൂരിലെ നൈപുണ്യവികസന ഇന്‍സ്റ്റിറ്റിയൂട്ടിന് ശിലാസ്ഥാപനം നിര്‍വഹിക്കുകയും ചെയ്തു.
ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര പെട്രോളിയം പ്രകൃതിവാതകം നൈപുണ്യവികസന സംരംഭകത്വ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, സ്വതന്ത്രചുമതലയുള്ള കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, എംപിമാരായ കെ വി തോമസ് , റിച്ചാര്‍ഡ് ഹേ, വി പി സജീന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊച്ചിയിലെ ബിപിസിഎലിന്റെ വികസനം സംസ്ഥാനത്തെ ആകെ വികസനത്തിന് മുതല്‍ക്കൂട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 16,504 കോടി രൂപയാണ് പുതിയ സംയോജിത റിഫൈനറി വികസന കോംപഌക്‌സിനായി ചെലവഴിച്ചത്. കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപങ്ങളില്‍ ഒന്നാണിത്.
ബിപിസിഎലിന്റെ വികസനത്തിന് അനുകൂലമായ സമീപനമാണ് സംസ്ഥാനം സ്വീകരിച്ചത.് വികസനത്തിന് ആവശ്യമായ ഭൂമി സംസ്ഥാനം ലഭ്യമാക്കി.
ബിപിസിഎല്‍ അടക്കം കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണം എന്ന നയപരമായ സമീപനമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. തിരുവനന്തപുരം വിമാനത്താവള വികസനത്തില്‍ അടക്കം ഇത്തരമൊരു സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
ഫാക്ടിന്റെ നവീകരണത്തിനുതകുന്ന പെട്രോകെമിക്കല്‍ പാര്‍ക്കിനായി 1427 കോടി രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ നല്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ഫാക്ടിന്റെ ഭൂമി കൈമാറ്റം ചെയ്യേണ്ടതുണ്ട്. ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം പെട്രോ കെമിക്കല്‍ പാര്‍ക്കിലേക്ക് വരുമെന്ന് കണക്കാക്കുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് ഉതകുംവിധം പെട്രോകെമിക്കല്‍ പാര്‍ക്ക് ഉയര്‍ന്നുവരണം. പ്രധാനമന്ത്രി ശിലാസ്ഥാപനം നിര്‍വഹിക്കുന്ന കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐടിഐ ക്യാമ്പസില്‍ തുടങ്ങുന്ന നൈപുണ്യവികസന ഇന്‍സ്റ്റിറ്റിയൂട്ട് അങ്കമാലി ഇന്‍കല്‍ ബിസിനസ് പാര്‍ക്കില്‍ ആരംഭിച്ച നൈപുണ്യവികസന ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തുടര്‍ച്ചയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.