വിവിധ മേഖലകളിൽ സ്തുത്യർഹ സേവനം കാഴ്ചവച്ച വനിതകൾക്കായി സംസ്ഥാന സർക്കാർ വനിത ശിശുവികസന വകുപ്പ് മുഖേന നൽകി വരുന്ന വനിതാ രത്‌നം പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മൂന്ന് മേഖലകൾ കൂടി ഉൾപ്പെടുത്തി 14 പുരസ്‌കാരങ്ങളാണ് 2018 ൽ നൽകുന്നത്. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളുടെ പേരിലാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. അക്കാമ്മ ചെറിയാൻ അവാർഡ്(സാമൂഹ്യ സേവനം), ക്യാപ്റ്റൻ ലക്ഷ്മി അവാർഡ്(വിദ്യാഭ്യാസരംഗം), കമല സുരയ്യ അവാർഡ്(സാഹിത്യരംഗം), റാണി ലക്ഷ്മിഭായി അവാർഡ് (ഭരണരംഗം), ജസ്റ്റിസ് ഫാത്തിമബീവി അവാർഡ് (അഭിഭാഷകരംഗം), മൃണാളിനി സാരാഭായ് അവാർഡ് (കലാരംഗം), മേരി പുന്നൻ ലൂക്കോസ് അവാർഡ് (ആരോഗ്യരംഗം), ആനി തയ്യിൽ അവാർഡ് (മാധ്യമരംഗം), കുട്ടിമാളു അമ്മ അവാർഡ് (കായികരംഗം), സുകുമാരി അവാർഡ് (അഭിനയരംഗം), ആനിമസ്‌ക്രീൻ അവാർഡ്(വനിതാ ശാക്തീകരണരംഗം), റ്റി.കെ.പത്മിനി അവാർഡ് (ലളിതകലാരംഗം), റോസമ്മ പുന്നൂസ് (പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം (അതിജീവനം) നേടിയ വനിത, ഇ.കെ.ജാനകി അമ്മാൾ അവാർഡ് (ശാസ്ത്രരംഗം) എന്നിവയാണ് പുരസ്‌കാരങ്ങൾ. തങ്ങളുടെ പ്രവർത്തന മേഖലകളിൽ ചെയ്തിട്ടുള്ള വ്യത്യസ്തവും നൂതനവുമായ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, പുരസ്‌കാരങ്ങൾ എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങൾ, രേഖകൾ, ഹ്രസ്വചിത്രീകരണം എന്നിവ അപേക്ഷയോടൊപ്പം സമർപ്പിയ്ക്കാം. അപേക്ഷകളും അനുബന്ധ രേഖകളും ഫെബ്രുവരി എട്ടിന് മുമ്പ് ജില്ലാ വനിത ശിശുവികസന ഓഫീസർക്ക് സമർപ്പിക്കണം. മറ്റു വ്യക്തികൾക്കോ സംഘടനകൾക്കോ ശുപാർശയായും അപേക്ഷ നൽകാം. മൂന്ന് ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. മുമ്പ് ഒരു മേഖലയിൽ പുരസ്‌കാരം ലഭിച്ചവർക്ക് അതേ രംഗത്തുതന്നെ പുരസ്‌കാരം നൽകുന്നതല്ല. വിശദവിവരങ്ങൾ  www.wcd.kerala.gov.in  എന്ന വെബ്‌സൈറ്റിലും ജില്ലാ വനിത ശിശുവികസന ഓഫീസ്/പ്രോഗ്രാം ഓഫീസ്/ശിശു വികസന പദ്ധതി ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും.