വനപാത ഒഴിവാക്കിക്കൊണ്ട് തിരുനെല്ലിയിലെത്താനുള്ള കാട്ടിക്കുളം-പനവല്ലി-സർവാണി- തിരുനെല്ലി അമ്പലം റോഡ് നവീകരിക്കുന്നതിനായി സെൻട്രൽ റോഡ് ഫണ്ടിൽ നിന്നും 15 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ 28 റോഡുകൾക്കാണ് സി.ആർ.എഫ് ഫണ്ടിൽ നിന്നും തുക ലഭിച്ചത്. സംസ്ഥാന സർക്കാരിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് മാനന്തവാടി മണ്ഡലത്തിലെ ഈ റോഡിന് സി.ആർ.എഫ് തുക വകയിരുത്തിയത്. കാട്ടിക്കുളം മുതൽ തിരുനെല്ലി അമ്പലം വരെയുള്ള 13 കിലോമീറ്റർ ദൂരമാണ് ഈ തുക ഉപയോഗിച്ച് നവീകരിക്കുക. കലുങ്കുകളുടെ നിർമ്മാണം, റോഡ് വീതി കൂട്ടൽ, ഡിഎം ആന്റ് ഡിസി നിലവാരത്തിലേക്ക് റോഡ് ഉയർത്തുക എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. വനമേഖല ഒഴിവാക്കി പൂർണമായും ജനവാസമേഖലയിലൂടെയാണ് റോഡ് നിർമ്മാണം. റോഡ് നിർമാണം പൂർത്തിയായാൽ തിരുനെല്ലി അമ്പലത്തിലേക്ക് എളുപ്പത്തിൽ എത്താവുന്ന വഴിയായി ഇതു മാറും. ജില്ലയിലെ തീർത്ഥാടന ടൂറിസം മേഖലക്ക് ഇത് മുതൽക്കൂട്ടാവും. മാത്രവുമല്ല തിരുനെല്ലി അമ്പലത്തിൽ നടക്കാറുള്ള കർക്കിട വാവുബലി സമയങ്ങളിലെ വൻ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ പരിഹരിക്കുവാനുമാകും. ഈ സർക്കാർ അധികാരമേറ്റശേഷം രണ്ടാമത്തെ സിആർഎഫ് ഫണ്ടാണ് മാനന്തവാടി മണ്ഡലത്തിന് ലഭിച്ചത്. ഇതിന് മുമ്പ് കെല്ലൂർ-ചേര്യംകൊല്ലി-കമ്പളക്കാട് റോഡിനും 15 കോടി രൂപ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം മാനന്തവാടി ഒ.ആർ കേളു എം.എൽ.എ, നാഷണൽ ഹൈവേ വിഭാഗം ഉദ്യോഗസ്ഥർ, ജനപ്രതിനിധകൾ എന്നിവർ ചേർന്ന് സ്ഥല പരിശോധന നടത്തുകയും ഇത് സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു. നാഷണൽ ഹൈവേ വിഭാഗം ഉദ്യോഗസ്ഥർ ഈ റോഡിന്റെ സാങ്കേതികാനുമാതിക്കു വേണ്ടിയുള്ള തുടർ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
