ജില്ലയിലെ നൂൽപ്പുഴ, വെങ്ങപ്പള്ളി, തവിഞ്ഞാൽ പഞ്ചായത്തുകൾ കൂടി സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷയിലേക്ക്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് മുട്ടിൽ, തിരുനെല്ലി, മുള്ളൻകൊല്ലി, പുൽപ്പള്ളി, വൈത്തിരി പഞ്ചായത്തുകളിൽ നടപ്പാക്കിയ സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്ത് പദ്ധതിയാണ് മൂന്നു പഞ്ചായത്തുകളിലേക്കു കൂടി വ്യാപിപ്പിക്കുന്നത്.
സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താൻ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ ഭക്ഷ്യ ഉത്പാദന വിതരണ സ്ഥാപനങ്ങൾക്ക് രജിസ്‌ട്രേഷനോ ലൈസൻസോ ഉറപ്പ് വരുത്തുക, സ്വകാര്യ പൊതു ഉടമസ്ഥതയിലുള്ള കുടിവെള്ള സ്രോതസ്സുകൾ പരിശോധനക്ക് വിധേയമാക്കുക, പഞ്ചായത്തിലെ സ്‌കൂൾ, കോളേജ്, അംഗൻവാടി എന്നിവിടങ്ങളിലും കുടുംബശ്രീ പ്രവർത്തകർക്കും സുരക്ഷിത ആഹാരത്തെക്കുറിച്ച് ബോധവത്ക്കരണം നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടത്തും. കാർഷിക കർമ്മസേനയുടെ സഹായത്തോടെ ജൈവ കൃഷി ബോധവത്ക്കരണ ക്ലാസ്, മത്സ്യം, പച്ചക്കറി, മാംസം ഉൾപ്പെടെ എല്ലാ മേഖലയിലുമുള്ള ഫുഡ് ബിസിനസ്സ് ഓപ്പറേറ്റർമാർക്കും ജനപ്രതിനിധികൾക്കും ജീവനക്കാർക്കും ബോധവത്ക്കരണം, മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബുകൾ ഉപയോഗിച്ചുള്ള ക്വിക്ക് അഡൽറ്ററേഷൻ ടെസ്റ്റുകളുടെ പരിശീലനവും സംഘടിപ്പിക്കുമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ പി.ജെ വർഗ്ഗീസ്, ഫുഡ് സേഫ്ടി ഓഫീസർ എം.കെ രേഷ്മ എന്നിവർ പറഞ്ഞു.