ചേർത്തല: ഒളിമ്പിക്‌സ് ഉൾപ്പടെയുള്ള വേദികളിൽ ഷൂട്ടിങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കേരളത്തിന് ഭാവിയിൽ സാധിക്കുമെന്ന് പൊതുമരാമത്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ.
ജില്ലാ റൈഫിൾസ് അസോസിയേഷന്റെ ഷൂട്ടിംഗ് റേഞ്ചിൻറ ശിലാസ്ഥാപന കർമ്മം ചേർത്തല സെൻറ് മൈക്കിൾസ് കോളേജിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .ഒരു ഏക്കർ സ്ഥലമാണ് ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് മാനേജ്‌മെന്റ് ഇതിനായി വിട്ടുനല്കിയത്. 25 ലക്ഷത്തോളം രൂപയാണ് ചിലവ്. ജില്ലാ കളക്ടർ എസ്.സുഹാസ് പ്രസിഡന്റ് ആയ ജില്ലാ റൈഫിൾ അസോസിയേഷൻ നർമ്മിക്കുന്ന ജില്ലയിലെ ആദ്യ ഷൂട്ടിങ് റേഞ്ചിന്റെ പരിശീലന കേന്ദ്രമാണിത്.
ഷൂട്ടിങ് റേഞ്ച് നിർമ്മാണം ഫെബ്രുവരിയിൽ തന്നെ പൂർത്തിയാക്കണമെന്ന് ജില്ല കളക്ടർ എസ്.സുഹാസ് പറഞ്ഞു. പ്രശസ്ത തിരക്കഥാകൃത്തും നടനും സംവിധായകനും ജില്ല റൈഫിൽ അസോസിയേഷൻ അംഗവുമായ രഞ്ജി പണിക്കർ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. ആലപ്പുഴ റൈഫിൽ അസോസിയേഷൻ സെക്രട്ടറി കിരൺ മാർഷൽ ,ട്രഷറർ ഗോപാലാചാരി, സെന്റ് മൈക്കിൾസ് കോളേജ് മാനേജർ ഫാദർ നെൽസൺ തൈപ്പറമ്പിൽ എന്നിവർ ആശംസകൾ നേർന്നു.