ആലപ്പുഴ: വീട് ഭാഗികമായോ പൂർണമായോ തകർന്ന് താമസ യോഗ്യമല്ലാതായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് ആശ്വാസമേകി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ. ബിന്ദു എം തോമസ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തിങ്കളാഴ്ച നടത്തിയ സിറ്റിങ്ങിലാണ് നിരവധി ന്യൂനപക്ഷ സമുദായങ്ങളിലെ ഭവനരഹിതർക്ക് ആശ്വാസം നൽകിയത്. വീട് 75 ശതമാനത്തിലധികം തകർന്നതായി പരാതി നൽകിയ ഫ്രാൻസിസ് വില്ല മേരി പ്രീതയ്ക്ക് നാലുലക്ഷം രൂപ ധനസഹായം നൽകാൻ കമ്മീഷൻ ശുപാർശ നൽകി. കുന്നുമ്മ സ്റ്റീഫൻ, വഴിച്ചേരി വില്യം എന്നിവർക്ക് ഒന്നേകാൽ ലക്ഷം രൂപയും മുട്ടിച്ചിറ ജൂലിയറ്റ് സൈമണ് അറുപതിനായിരം രൂപയും കുന്നുമ്മ സ്വദേശികളായ നിർമ്മല, റോസ് ദലീമ, മുട്ടിച്ചിറ ജയകുമാർ , എന്നിവർക്ക് 60,000 രൂപയും കമ്മീഷൻ ശുപാർശ ചെയ്തു. ന്യൂനപക്ഷ കമ്മീഷൻ തിങ്കളാഴ്ചത്തെ സിറ്റിംഗിൽ 22 കേസുകളാണ് പരിഗണിച്ചത.് ഇതിൽ 13 കേസുകൾ തീർപ്പായി. പുതുതായി അഞ്ച് കേസുകളാണ് കമ്മീഷനു മുൻപിൽ വന്നത്.

ആലപ്പുഴയിൽ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ പരാതികളിൽ അധികവും താമസയോഗ്യമല്ലാത്ത വീട് സംബന്ധിച്ചുള്ളതാണെന്ന് കമ്മീഷൻ ബിന്ദുതോമസ് ചൂണ്ടിക്കാട്ടി. പ്രളയത്തിന് ശേഷവും ഇത്തരം പരാതികൾ ലഭിക്കുന്നുണ്ട്. മുസ്‌ലിം, ക്രിസ്ത്യൻ, സിക്ക് , ബുദ്ധ, പാഴ്‌സി, ജൈൻ ജനവിഭാഗങ്ങളുടെ പ്രശ്‌നപരിഹാരമാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്.

ചേപ്പാട് വില്ലേജിൽ പന്ത്രണ്ടാം വാർഡിൽ വാടകവീട്ടിൽ താമസിക്കുന്ന പാലമൂട്ടിൽ ഹരിദാസൻ എന്നയാളുടെ ഡാറ്റാബാങ്ക് സംബന്ധിച്ച പരാതി കമ്മീഷൻ പരിഗണിച്ചു. മുതുകുളം വില്ലേജിലെ രണ്ടാം വാർഡിൽ 9 സെന്റ് നിലം രണ്ടുലക്ഷം രൂപയ്ക്ക് വിലയാധാരം ചെയ്തു വാങ്ങിയെങ്കിലും വസ്തു ഡാറ്റാബാങ്കിൽ ആണ് എന്നതിനാൽ വീട് നിർമ്മിക്കാൻ മേലധികാരികൾ സമ്മതിക്കുന്നില്ല എന്നതായിരുന്നു പരാതി. ഇതുസംബന്ധിച്ച് കളക്ടറുടെ റിപ്പോർട്ട് ഹർജിക്കാരന് അനുകൂലമായിരുന്നില്ല. കമ്മീഷൻ ഹർജിക്കാരന്റെ ഭൂമി സംബന്ധിച്ച് വിശദമായ പരിശോധന നടത്തുകയും നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിനുള്ളിൽ നിന്ന് പരിശോധന നടത്തുകയും ചെയ്തു. രൂപാന്തരപ്പെടുത്തൽ പാരിസ്ഥിതിക വ്യവസ്ഥയും ചേർന്നുകിടക്കുന്ന കൃഷിയും ബാധിക്കുന്നതല്ല എന്ന് കണ്ടെത്തുകയും ഉടമയ്ക്കും കുടുംബത്തിനും ഈ ആവശ്യത്തിനായി ജില്ലയിൽ മറ്റ് സ്വന്തം സ്ഥലമില്ല എന്ന് കണ്ടെത്തുകയും ചെയ്തു. കൂടാതെ കെട്ടിടം സ്വന്തമാവശ്യത്തിനു നിർമ്മിക്കുന്നതാണ് എന്ന് ബോധ്യപ്പെടുകയും നെൽവയൽ മറ്റ് വയലുകളാൽ ചുറ്റപ്പെട്ടതല്ല എന്നും കമ്മീഷൻ കണ്ടെത്തി. ഇതിൻറെ അടിസ്ഥാനത്തിൽ മുതുകുളം വില്ലേജിലെ ബന്ധപ്പെട്ട നിലം വീട് വയ്ക്കുന്ന ആവശ്യത്തിലേക്ക് നികത്തുന്നതിന് അനുവാദം നൽകുന്നതിനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറോട് കമ്മീഷൻ നിർദേശിച്ചു. കമ്മീഷന്റെ അടുത്ത സിറ്റിങ് മാർച്ച് 20ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.