ആലപ്പുഴ: ഇനിയൊരു പ്രളയം വന്നാൽ എന്ത് ചെയ്യണം? കൂട്ടത്തിൽ ഒരാൾ തളർന്ന് വീണാൽ അടിയന്തിര സഹായം എങ്ങനെ നൽകും ? ഭിന്നശേഷിക്കാർക്ക് ഇനി ദുരന്തങ്ങളുണ്ടായാൽ നേരിടാൻ പഴയപോലെ അമാന്തിച്ചുനിൽക്കേണ്ടിവരില്ല. അതിനുള്ള പരിശീലനം അവർക്ക് ലഭിച്ചുതുടങ്ങി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സാമൂഹ്യ നീതി വകുപ്പും ചേർന്നാണ് ആലപ്പുഴ ജനറൽ ആശുപത്രിയിലെ എൻ.എച്ച്.എം ഹാളിൽ ദുരന്ത നിവാരണ പരിശീലനം നൽകുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന്് തിരഞ്ഞെടുക്കപ്പെട്ട നാൽപതോളം ഭിന്നശേഷിക്കാരാണ് ക്ലാസിൽ പങ്കെടുക്കുന്നത്.് ബ്രയിൽ ലിപിയിലുള്ള കൈപ്പുസ്തകം, ആംഗ്യ ഭാഷയിലുള്ള ചലച്ചിത്രങ്ങൾ, ലഘുലേഖകൾ, ഡയ്‌സി സോഫ്‌റ്റ്വെയർ ശബ്ദ രേഖ എന്നിവ ഉപയോഗിച്ചാണ് ഭിന്നശേഷിക്കാർക്ക് ഇവിടെ പരിശീലനം നൽകുന്നത്. സംസ്ഥാനത്തുടനീളം 3000 പേരെ ആദ്യഘട്ടത്തിൽ പരിശീലിപ്പിക്കാനാണ് അതോറിറ്റി ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആലപ്പുഴയിലെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ്.സുഹാസ് നിർവഹിച്ചു.ഭിന്നശേഷി്ക്കാരെ കാഴ്ച വെല്ലുവിളികൾ നേരിടുന്നവർ, ശ്രവണ – സംസാര വെല്ലുവിളികൾ നേരിടുന്നവർ, ചലനശേഷി വെല്ലുവിളികൾ നേരിടുന്നവർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നിങ്ങനെ നാലായി തിരിച്ചാണ് പരിശീലനം നൽകുന്നത്.ആദ്യ ദിവസം കാഴ്ച വെല്ലുവിളി നേരിടുന്നവർ്ക്കുള്ള പരിശീലനമാണ് നൽകിയത്. കോട്ടയം എം.ജി യൂണിവേഴ്‌സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇൻറ്റർ യൂണിവേഴ്‌സിറ്റി സെൻറ്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിനാണ് പരിശീലന ചുമതല. പരിശീലന പരിപാടിയിൽ എം.ജി യൂണിവേഴ്‌സിറ്റി റിസേർച്ച് അസോസിയേറ്റ് എൻ.എൻ.ഹേന,ഐ.യു.സി.ഡി.എസ് ഡയറക്ടർ പി.ടി ബാബുരാജ്, ഡപ്യൂട്ടി കളക്ടർ പി.എസ്. സ്വർണമ്മ, സാമുഹ്യ നീതി വകുപ്പ് സീനിയർ സൂപ്രണ്ട് ഷൈലകുമാർ, ജില്ലാ പ്രോജക്ട് ഓഫീസർ ശരത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
