ആലപ്പുഴ: സംസ്ഥാന മന്ത്രിസഭ ആയിരം ദിനങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല ആഘോഷങ്ങൾ ഫെബ്രുവരി 20 മുതൽ 27 വരെ ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലായി നടക്കും. ഇതിന്റെ ജില്ലാതല ആലോചനയോഗം ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. നിയോജകമണ്ഡലാടിസ്ഥാനത്തിൽ ഈമാസം 29ന് എം.എൽ.എ.മാരുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് സംഘാടക സമതികൾക്ക് രൂപം നൽകും. അരൂർ, കായങ്കുളം മണ്ഡലങ്ങളിലെ യോഗം ഫെബ്രുവരി രണ്ടിന് നടത്തും.
മന്ത്രിസഭയുടെ ആയിരം ദിനങ്ങൾ ആഘോഷിക്കുന്നതിലൂടെ സംസ്ഥാനത്ത് 10000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ജില്ലയിൽ പി.ഡബ്യൂ.ഡി. യുടെ നേതൃത്വത്തിൽ മാത്രം 200ൽ ഏറെ പദ്ധതികൾക്കാണ് രൂപം കൊടുത്തിട്ടുള്ളത്. തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ എൽ.ഡി.എഫ്. സർക്കാരിന് ഇതിനകം സാധിച്ചു. ആഘോഷത്തിന്റെ ഭാഗമായി എക്സിബിഷനുകൾ, സെമിനാറുകൾ, എന്നിവ മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിക്കും. സ്‌കൂൾ- കോളജ് വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.ഡബ്യൂ.ഡി.യുടെ നേതൃത്വത്തിൽ ജില്ലയിൽ 3000 കോടിയുടെ വികസന പ്രവർത്തനങ്ങൾക്കാണ് രൂപംകൊടുത്തിരിക്കുന്നത്. മറ്റു ജില്ലകളെ അപേക്ഷിച്ച് വികസന പ്രവർത്തനങ്ങളിൽ ആലപ്പുഴ വളരെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ വകുപ്പുകളുടേയും നേതൃത്വത്തിൽ നടക്കുന്ന പദ്ധതികളുടെ അന്തിമ പട്ടിക ജനുവരി 31നകം ജില്ലാ കളക്ടർക്ക് അതത് വകുപ്പ് മേധാവികൾ സമർപ്പിക്കും. എം.എൽ.എ. മാരായ ആർ. രാജേഷ്, യു. പ്രതിഭ, എ.എം. ആരിഫ്, സജി ചെറിയാൻ, ജില്ലാ കളക്ടർ എസ്. സുഹാസ്, ജില്ലാ പോലീസ് മേധാവി കെ.എം. ടോമി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല, തദ്ദേക സ്വയംഭരണ വകുപ്പ് മേധാവികൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പ്രസംഗിച്ചു.