കാക്കനാട്: പ്രളയബാധിതർക്ക് വീട്ടുപകരണങ്ങളോ ജീവനോപാധികളോ സ്വന്തമാക്കാൻ കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന റിസർജൻറ് കേരള വായ്പാ പദ്ധതിയിൽ (ആർ.കെ.എൽ.എസ്.) ജില്ലയിൽ ഇതുവരെ 295.72 കോടി രൂപ അനുവദിച്ചതായി ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു.
ജില്ലയിൽ ആകെ 5834 അയൽക്കൂട്ടങ്ങളിലായി 342.71 കോടി രൂപ വിതരണം ചെയ്യാനുള്ളതിൽ 4773 അയൽക്കൂട്ടങ്ങൾക്ക് വായ്പ ലഭ്യമാക്കി. 36470 അപേക്ഷകർക്ക് തുക ലഭിച്ചു. വായ്പാ വിതരണത്തിൽ എറണാകുളം ജില്ല 86 ശതമാനം പുരോഗതി കൈവരിച്ചു. സംസ്ഥാനത്തെ ഉയർന്ന നിരക്കാണിത്. വടക്കേക്കര, ആലങ്ങാട്, ചിറ്റാറ്റുകര, ചേന്ദമംഗലം, കോട്ടുവള്ളി പഞ്ചായത്തുകളാണ് ഏറ്റവുമധികം തുക വിതരണം ചെയ്തത്. താലൂക്കുതലത്തിൽ നോർത്ത് പറവൂരാണ് മുന്നിൽ.
979 അയൽക്കൂട്ടങ്ങളിലെ 5570 അംഗങ്ങളാണ് വായ്പ ലഭിക്കാൻ ശേഷിക്കുന്നത്. 46.99 കോടി രൂപ ഇവർക്ക് വിതരണം ചെയ്യുന്നതോടെ വായ്പാ വിതരണം ജില്ലയിൽ പൂർത്തിയാകും.
ഓരോ അയൽക്കൂട്ടത്തിനും 10 ലക്ഷം രൂപ, ഒരംഗത്തിന് ഒരു ലക്ഷം രൂപ വീതമാണ് പരമാവധി അനുവദിക്കുക. ഒമ്പത് ശതമാനം പലിശ നിരക്കിൽ ലഭ്യമാക്കുന്ന വായ്പയിൽ പലിശത്തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും. ഫലത്തിൽ ഗുണഭോക്താവിന് പലിശരഹിത വായ്പ ലഭിക്കും. വായ്പ തിരിച്ചടക്കാൻ ഒമ്പതു മാസത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്.
അയൽക്കൂട്ടത്തിന് അക്കൗണ്ടുള്ള ബാങ്ക് വഴിയാണ് വായ്പാ വിതരണം. യൂണിയൻ ബാങ്ക്, വിവിധ സർവീസ് സഹകരണ ബാങ്കുകൾ, സെൻട്രൽ ബാങ്ക്, എസ്.ബി.ഐ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഇൻഡ്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളാണ് വായ്പ ലഭ്യമാക്കുന്നത്.