കൊച്ചി: സ്കൂള്‍, ഓഫീസ് യാത്രക്കാര്‍ക്കും ടിപ്പര്‍ , ലോറി ഉടമസ്ഥര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ ടിപ്പര്‍ അടക്കമുള്ള ചരക്കുവാഹനങ്ങളുടെ സമയം പ്രാദേശിക സാഹചര്യം പരിഗണിച്ച് ക്രമീകരിക്കുന്നതിനായി ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്കി. ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാഹനങ്ങള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പൊതുസുരക്ഷ മുന്‍നിര്‍ത്തി സമയനിയന്ത്രണം പാലിക്കപ്പെടുന്നുവെന്ന് പോലീസും മോട്ടോര്‍വാഹനവകുപ്പും ഉറപ്പുവരുത്തുന്നുണ്ട്. നിര്‍മ്മാണസാമഗ്രികള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ അമിതഭാരം കയറ്റിയും അമിത വേഗത്തില്‍ ഓടിച്ചും നിയമലംഘനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നിയമാനുസൃതമായ നടപടി സ്വീകരിക്കുന്നുണ്ട്. അംഗീകൃത പാസില്ലാതെ നിര്‍മ്മാണസാമഗ്രികള്‍ ചരക്കുവാഹനങ്ങളില്‍ കൊണ്ടുപോകുന്നത് റവന്യൂ സ്ക്വാഡുകളുടെ യും പോലീസിന്റെയും പരിശോധനയില്‍ കണ്ടെത്തിയാല്‍ ഇത്തരം വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു നിയമാനുസൃത പിഴയീടാക്കി വിട്ടു നല്‍കുന്നുണ്ട്. അല്ലാത്തപക്ഷം കോടതി വഴി തീര്‍പ്പു കല്‍പ്പിക്കുന്നതിന് കൈമാറും. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് ഓടിക്കുന്ന വാഹനങ്ങള്‍ക്ക് കൂടുതല്‍ പിഴ ചുമത്തുന്നതായോ അനാവശ്യമായി കസ്റ്റഡിയിലെടുക്കുന്നതായോ ഉള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ െ്രെപവറ്റ് വാഹനമായി രജിസ്റ്റര്‍ ചെയ്തശേഷം കേരളത്തില്‍ കരാറെടുത്ത് വാടകയ്ക്ക് ഓടുന്ന ജെസിബി പോലുള്ള വിഭാഗത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് ടാക്സ് ഈടാക്കുന്നുണ്ട്. നികുതി ഒടുക്കാതെ സര്‍വീസ് നടത്തുന്നത് കണ്ടെത്തുന്നതിനും പിഴ ഈടാക്കുന്നതിനുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധനകള്‍ ശക്തമാക്കി. വാഹനങ്ങള്‍ പിടിക്കപ്പെട്ടാല്‍ അടക്കേണ്ട നികുതിയുടെ ഇരട്ടി തുക നികുതിയായി ഈടാക്കും. ഹിറ്റാച്ചി മോട്ടോര്‍ വാഹന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന വാഹനമല്ലെന്നും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ പാഴ്സല്‍ സര്‍വീസ് ലോറി, ഏജന്‍സ് രംഗത്തെ ജീവനക്കാരെ ഉള്‍പ്പെടുത്താന്‍ നിലവില്‍ വ്യവസ്ഥയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
