ആലപ്പുഴ:മഹാപ്രളയത്തിൽ ദുരിതമനുഭവിച്ചവർക്ക് അടിയന്തര ധനസഹായമായി സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പലിശ രഹിത വായ്പ വഴി (റീസർജന്റ് കേരള ലോൺ സ്‌കീം്) ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത് 217 കോടി രൂപ. പ്രളയബാധിത പ്രദേശങ്ങളിലെ 2076 അയൽക്കൂട്ടങ്ങളിലെ 25,534 കുടുംബശ്രീ അംഗങ്ങൾക്കാണ് ഈ വേറിട്ട ധനസഹായ പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. പ്രളയബാധിതർക്കുള്ള അടിയന്തിര ധനസഹായമായ 10,000 രൂപ ലഭിച്ച കുടുംബശ്രീ അംഗങ്ങൾക്കാണ് പലിശ രഹിത വായ്പയായ ഒരുലക്ഷം രൂപ വാങ്ങാൻ അർഹതയുള്ളത്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം വായ്പ വിതരണം ചെയ്യാനുള്ള സമയം മാർച്ച് 31വരെ നീട്ടി. പ്രളയത്തെത്തുടർന്ന് വീടുകൾക്കും വീട്ടുപകരണങ്ങൾക്കും നാശനഷ്ടം സംഭവിച്ചവർക്ക് ഗാർഹിക ഉപകരണങ്ങൾ വാങ്ങുന്നതിലേക്കും ഉപജീവനത്തിനും മറ്റാവശ്യങ്ങൾക്കുമായാണ് ഒരുലക്ഷം രൂപയുടെ വായ്പ നൽകുന്നത്. പ്രളയമേറെ ബാധിച്ച വെളിയനാട്, ചമ്പക്കുളം,ഹരിപ്പാട്, ചെങ്ങന്നൂർ പ്രദേശങ്ങളിൽ നിന്നുളള ഉപഭോക്താക്കളാണ് ഒരു ലക്ഷം രൂപയുടെ വായ്പ ഏറ്റവുമധികം പ്രയോജനപ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ കുടുംബശ്രീ മിഷൻ അറിയിച്ചു. ചമ്പക്കുളത്ത്് 8022 പേരാണ് ഒരുലക്ഷം രൂപയുടെ വായ്പ വാങ്ങിയിരിക്കുന്നത്. വെളിയനാട് 514 അയൽക്കൂട്ടങ്ങളും ഹരിപ്പാട് 373 അയൽ്ക്കൂട്ടങ്ങളും ചമ്പക്കുളത്ത് 343 അയൽക്കൂട്ടങ്ങളും ചെങ്ങന്നൂരിൽ 325 അയൽക്കൂട്ടങ്ങളുമാണ് പലിശരഹിതവായ്പ വാങ്ങിയിരിക്കുന്നത്. പ്രളയം അധികം ബാധിക്കാത്ത കഞ്ഞിക്കുഴി ബ്ലോക്കിൽ നിന്ന് ആരും ഒരുലക്ഷം രൂപയുടെ പലിശരഹിത വായ്പയ്ക്ക് അപേക്ഷിച്ചിരുന്നില്ല. ഭരണിക്കാവ് ബ്ലോക്കിൽ രണ്ട് അയൽക്കൂട്ടങ്ങളും പട്ടണക്കാട് അഞ്ച് അയൽക്കൂട്ടവുമാണ് ധനസഹായം വാങ്ങിയിരിക്കുന്നത്.ഉപഭോക്താക്കൾ ഗൃഹോപകരണങ്ങൾ വാങ്ങുന്നതിലേക്കാണ്് ഒരുലക്ഷം രൂപ ഉപയോഗിക്കുന്നതെങ്കിൽ ഡിസ്‌കൗണ്ട് കാർഡുകളും നൽകുന്നുണ്ട്. അതുപയോഗിച്ച് സാധനങ്ങൾ വാങ്ങുകയാണെങ്കിൽ വിലക്കുറവിനോടൊപ്പം സമ്മാന വൗച്ചറുകളും ലഭിക്കും.ഗാർഹിക ഉപകരണങ്ങൾ ന്യായമായ വിലയ്ക്ക് ഉപഭോക്താക്കളിലേക്കെത്തിക്കാനാണിത്. വായ്പ ലഭിച്ചതിന് ശേഷം ആറുമാസം കഴിഞ്ഞോ ഒരുവർഷത്തിന് ശേഷമോ ഉപഭോക്താക്കൾ തിരിച്ചടവ് തുടങ്ങണം. കുടുംബശ്രീ അംഗങ്ങൾക്ക് മാത്രമാണ് വായ്പ ലഭിക്കുക. മൂന്നു മുതൽ നാലുവർഷമാണ് തിരിച്ചടവ് കാലാവധി.വായ്പാ തിരിച്ചടവിൽ മനഃപൂർവമായ വീഴ്ചവരുത്തുന്നവരെ പ്രത്യേക പട്ടികയിലുൾപ്പെടുത്തി തുടർന്നുള്ള എല്ലാ പദ്ധതികളിൽനിന്നും ഒഴിവാക്കാനും തീരുമാനമുണ്ട്.