കൊച്ചി: പ്രളയത്തിൽ വീട് പൂർണ്ണമായും നശിച്ച അയ്യപ്പനും കുടുംബത്തിനും ആശ്വാസമായി സർക്കാരിന്റെ ധനസഹായം. വീട് നിർമ്മാണത്തിന് അനുവദിച്ച തുകയുടെ ആദ്യഗഡുവായ 95100 രൂപ ദിവസങ്ങൾക്കുള്ളിൽ അയ്യപ്പന്റെ അക്കൗണ്ടിലെത്തും. പുത്തൻവേലിക്കര പഞ്ചായത്തിലെ ഒമ്പതാം വാർഡ് തേലത്തുരുത്ത് നെൽപ്പുര പറമ്പിൽ അയ്യപ്പന്റെ ഓട് മേഞ്ഞ വീട് പ്രളയത്തിൽ പൂർണമായും നശിച്ചിരുന്നു. പിന്നീട് ഷീറ്റ് കൊണ്ടുള്ള ചെറിയ വീട്ടിലായിരുന്നു താമസം. ഭാഗികമായി വീട് തകർന്നവരുടെ ലിസ്റ്റിലാണ് അയ്യപ്പന്റെ പേര് ആദ്യമുണ്ടായിരുന്നത്. പിന്നീട് അപ്പീൽ നൽകിയതിനു ശേഷം നടന്ന അന്വേഷണത്തിൽ അയ്യപ്പന്റെ പേര് വീട് പൂർണ്ണമായും തകർന്നവരുടെ ലിസ്റ്റിൽ വന്നു.

വീട് പൂർണ്ണമായും തകർന്നവർ നൽകിയ 178 അപ്പീലുകളിൽ നിന്നും 59 പേർ പുതിയ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ മുപ്പതോളം പേരുടെ വീട് നിർമ്മാണത്തിനുള്ള ധനസഹായത്തിന്റെ ആദ്യഗഡു അയച്ചുകഴിഞ്ഞു. ബാക്കിയുള്ള 29 പേരുടെ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഇവരുടെ അപ്പീലുകൾ പറവൂർ താലൂക്ക് തഹസിൽദാർ അംഗീകരിക്കുകയും പത്ത് ദിവസങ്ങൾക്കുള്ളിൽ ഇവരുടെ അക്കൗണ്ടുകളിൽ പണം ലഭ്യമാവുകയും ചെയ്യുമെന്ന് പുത്തൻവേലിക്കര വില്ലേജ് ഓഫീസർ അറിയിച്ചു.