കാക്കനാട്: പ്രളയബാധിതർക്ക് വീട്ടുപകരണങ്ങളോ ജീവനോപാധികളോ സ്വന്തമാക്കാൻ കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന റിസർജൻറ് കേരള വായ്പാ പദ്ധതി (ആർ.കെ.എൽ.എസ്.) ഈ മാസം 15 ന് ഉള്ളിൽ പൂർണമായും കൊടുത്തു തീർക്കണമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള. ജില്ലയിൽ ഇതുവരെ 306 കോടി രൂപ റിസർച്ച് കേരള വായ്പ പദ്ധതി പ്രകാരം അനുവദിച്ചിട്ടുണ്ട്. 4888 അയൽക്കൂട്ടങ്ങളിൽ ആയി 37462 ആളുകൾക്ക് നിലവിൽ വായ്പ ലഭ്യമായിട്ടുണ്ട്. അവശേഷിക്കുന്ന അയൽക്കൂട്ടങ്ങൾക്ക് ഈ മാസം 15ന് അകം മുഴുവൻ തുകയും ലഭ്യമാക്കണമെന്ന് ബാങ്കുകൾക്ക് കളക്ടർ നിർദ്ദേശം നൽകി.

വായ്പാ വിതരണത്തിൽ സംസ്ഥാനത്ത് എറണാകുളം ജില്ലയാണ് മുന്നിൽ. വടക്കേക്കര, ആലങ്ങാട്, ചിറ്റാറ്റുകര, ചേന്ദമംഗലം, കോട്ടുവള്ളി പഞ്ചായത്തുകളാണ് ഏറ്റവുമധികം തുക വിതരണം ചെയ്തത്. താലൂക്കുതലത്തിൽ നോർത്ത് പറവൂരാണ് മുന്നിൽ.

ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കുടുംബശ്രീ ഡിസ്ട്രിക്ട് മിഷൻ കോർഡിനേറ്റർ ടിപി ഗീവർഗീസ്, എഡിഎംസി എസ് രഞ്ജിനി, വിവിധ ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.