നിലവിലെ സംവിധാനങ്ങളിൽ കാലാനുസൃത മാറ്റങ്ങൾ വരുത്തി പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് പ്രയോജനപ്പെടുത്തണമെന്ന് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി. എസ്. അച്യുതാനന്ദൻ പറഞ്ഞു. ഭരണപരിഷ്‌കാര കമ്മീഷന്റെ ആഭിമുഖ്യത്തിൽ മാസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ക്ഷേമനിയമങ്ങളെക്കുറിച്ചുള്ള ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തിൽ പാർശ്വവത്കരിക്കപ്പെട്ടവർക്ക് വിഭാവനം ചെയ്തിട്ടുള്ള അവകാശങ്ങൾ മുഴുവൻ നൽകാൻ സാധിക്കണം. സെമിനാറിന്റെ ഭാഗമായി നടക്കുന്ന ചർച്ചയിലും സംവാദത്തിലും സ്വരൂപിക്കുന്ന ആശയങ്ങൾ ഇതുസംബന്ധിച്ച് തയ്യാറാക്കുന്ന ഇടക്കാല റിപ്പോർട്ടിന് സഹായകരമാകും. ഇതുസംബന്ധിച്ച് ഉൾക്കാഴ്ച പകരാൻ കഴിയുന്ന വിദഗ്ധർ ചർച്ചകളിൽ പങ്കെടുക്കുന്നത് പ്രയോജനകരമാണെന്നും വി. എസ്. അച്യുതാനന്ദൻ പറഞ്ഞു. ഭരണപരിഷ്‌കാര കമ്മീഷൻ അംഗം സി. പി. നായർ അദ്ധ്യക്ഷത വഹിച്ചു. അംഗം നീല ഗംഗാധരൻ, മെമ്പർ സെക്രട്ടറി ഷീലാ തോമസ് എന്നിവർ സംസാരിച്ചു. സാമൂഹ്യപ്രവർത്തകൻ നിഖിൽ ഡേ, സുപ്രീം കോടതി അഭിഭാഷക അപർണ ഭട്ട്, പത്രപ്രവർത്തകൻ ഗൗരിദാസൻ നായർ എന്നിവർ പ്രഭാഷണം നടത്തി. സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, മാനസിക ബൗദ്ധിക വെല്ലുവിളി നേരിടുന്നവർ, കുടിയേറ്റ തൊഴിലാളികൾ എന്നിവരുമായി ബന്ധപ്പെട്ട നിയമങ്ങളാണ് ആദ്യഘട്ടത്തിൽ ഭരണപരിഷ്‌കാര കമ്മീഷൻ പഠന വിധേയമാക്കുന്നത്.