ആലപ്പുഴ: കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ദേശീയ പട്ടിക വർഗ്ഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 50,000 രൂപ പദ്ധതിതുകയുള്ള ”ആദിവാസി മഹിളാ സശാക്തീകരൺ യോജനയ്ക്കു കീഴിൽ വായ്പ അനുവദിയ്ക്കുന്നതിനായി കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടികവർഗ്ഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ യുവതികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ പട്ടികവർഗ്ഗത്തിൽപ്പെട്ട തൊഴിൽ രഹിതരും, 18നും 55നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 98,000 രൂപയിലും, നഗര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 1,20,000 രൂപയിലും കവിയാൻ പാടില്ല. മേൽപ്പറഞ്ഞ പദ്ധതി പ്രകാരം അനുവദനീയമായ വായ്പതുക വിനിയോഗിച്ച് വിജയ സാദ്ധ്യതയുള്ള ഏതൊരു സ്വയം തൊഴിൽ സംരഭത്തിലും (കൃഷി ഭൂമി വാങ്ങൽ, മോട്ടോർ വാഹനം വാങ്ങൽ ഒഴികെ) ഗുണഭോക്താവിന് ഏർപ്പെടാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്. വായ്പാ തുക 4 ശതമാനം വാർഷിക പലിശ നിരക്കിൽ 5 വർഷം കൊണ്ട് തിരിച്ചടക്കേണ്ടതാണ്. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ അതാതു ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
