അരൂർ: അരൂർ നിയോജക മണ്ഡലത്തിൽ 1000 ദിനാഘോഷത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. വിവിധ പഞ്ചായത്തുകളിലായി പൂർത്തിയായ പദ്ധതികളുടെ ഉദ്ഘാടനം ഈ വേളയിൽ നടത്താൻ എ.എം.ആരിഫ് എം.എൽ.എ. അധ്യക്ഷത വഹിച്ച യോഗം തീരുമാനിച്ചു. പാണാവള്ളിയിലെ സ്മാർട്ട് വില്ലേജ് ഓഫീസ്, ആർദ്രം പദ്ധതിയിൽ തയ്യാറായ കുടുംബാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി വിവിധ പഞ്ചായത്തുകളിൽ സജ്ജമായ പദ്ധതികൾ ആഘോഷവേളയിൽ നാടിന് സമർപ്പിക്കും.
ദിനാഘോഷത്തിനായി എ.എം.ആരിഫ് എം.എൽ.എ. ചെയർമാനും ചേർത്തല തഹസിൽദാർ അബ്ദുൾ റഷീദ് കൺവീനറുമായി സ്വാഗതസംഘത്തിന് രൂപം നൽകി. ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമാരും ജില്ല പഞ്ചായത്തംഗങ്ങളും പഞ്ചായത്ത് പ്രസിഡന്റുമാരും വൈസ് ചെയർമാന്മാരും പട്ടണക്കാട്, തൈക്കാട്ടുശേരി ബി.ഡി.ഒ.മാർ ജോയിന്റ് കൺവീനർമാരും ഡപ്യൂട്ടി കളക്ടർ എസ്.മുരളീധരൻപിള്ള നോഡൽ ഓഫീസറുമാണ്. ഈയാഴ്ച അവസാനത്തോടെ മണ്ഡലത്തിലെ ദിനാഘോഷ പരിപാടികൾക്ക് അന്തിമരൂപമാകുമെന്ന് ആരിഫ് എം.എൽ.എ. പറഞ്ഞു.