* ‘സ്‌പോർട്‌സ് ലൈഫ്’ ഫിറ്റ്‌നെസ് സെൻറർ ഉദ്ഘാടനം ചെയ്തു
കായിക പരിശീലനം നൽകാനുള്ള എല്ലാ സാഹചര്യവും സർക്കാർ ഉപയോഗപ്പെടുത്തുകയാണെന്ന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കാൻ യോഗ ഉൾപ്പെടെ എല്ലാ കായികപരിശീലനങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കായിക-യുവജനകാര്യ വകുപ്പ് തിരുവനന്തപുരം ജിമ്മി ജോർജ് സ്‌പോർട്‌സ് ഹബ്ബിൽ ഒരുക്കിയ ‘സ്‌പോർട്‌സ് ലൈഫ്’ ഫിറ്റ്‌നെസ് സെൻററിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായികമേഖലയിൽ സജീവത ഉയരുന്ന കാലഘട്ടമാണിത്. 14 ജില്ലകളിലും പരിശീലനത്തിന് സ്‌റ്റേഡിയങ്ങളുടെയും ഇൻഡോർ സ്‌റ്റേഡിയങ്ങളുടെയും നിർമാണം പുരോഗമിക്കുകയാണ്. ഈ സർക്കാർ 169 കായികതാരങ്ങൾക്ക് ഇതുവരെ ജോലി നൽകി. 249 പേർക്ക് തൊഴിൽ നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
സമൂഹത്തിൽ കായികമത്സരങ്ങൾ വ്യാപകമാകുന്നുണ്ടിപ്പോൾ. വ്യായാമം ആവശ്യമാണ് എന്ന ചിന്ത ശക്തിപ്പെടുന്നുണ്ട്. ജീവിതരീതിയിൽ വന്ന മാറ്റങ്ങളും കായികരംഗത്തെ സാധ്യതകൾ ഉപയോഗപ്പെടുത്താത്തതുമാണ് ജീവിതശൈലീരോഗങ്ങൾ സമൂഹത്തിൽ കൂടാൻ കാരണം. പുതിയ ഫിറ്റ്‌നെസ് സെൻറർ ശാസ്ത്രീയവും ആധുനികവുമായ ഉപകരണങ്ങൾ അന്താരാഷ്ട്രനിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വി.എസ്. ശിവകുമാർ അധ്യക്ഷത വഹിച്ചു. മിസ്റ്റർ യൂണിവേഴ്‌സ്, മിസ്റ്റർ വേൾഡ്, മിസ്റ്റർ ഏഷ്യ പട്ടങ്ങൾ നേടിയ ബോഡി ബിൽഡർ സംഗ്രാം ചൗഗലേ മുഖ്യാതിഥിയായി. കായിക യുവജന കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക് സ്വാഗതവും ഡയറക്ടർ സഞ്ജയൻ കുമാർ നന്ദിയും പറഞ്ഞു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് ഡി. മോഹനൻ, കായിക യുവജന കാര്യ കായിക എഞ്ചിനീയറിംഗ് വിഭാഗം ചീഫ് എഞ്ചിനീയർ എൻ. മോഹൻകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിനോടനുബന്ധിച്ച് ബോഡി ബിൽഡിംഗ് താരങ്ങളുടെ ബോഡി ബിൽഡിംഗ് ഷോയും ഒരുക്കിയിരുന്നു.
ജിമ്മി ജോർജ് സ്‌പോർട്‌സ് ഹബ്ബിൽ 50 ലക്ഷം രൂപയുടെ അന്താരാഷ്ട്ര നിലവാരമുള്ള ഉത്പന്നങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 50 പേർക്ക് ഒരേസമയം പരിശീലനത്തിന് അവസരമുണ്ട്. വിവിധ ജില്ലകളിലായി ഒൻപത് സ്‌പോർട്‌സ് ലൈഫ് ഫിറ്റ്‌നെസ് സെൻററുകളാണ് നിർമിക്കുന്നത്. ഇതിൽ ആദ്യത്തേതാണ് തിരുവനന്തപുരത്തേത്.