പിറവം: സംസ്ഥാന സർക്കാരിന്റെ ആർദ്രം ആരോഗ്യ പദ്ധതിയുടെ ഭാഗമായി ആധുനിക സംവിധാനങ്ങളോടെ രാമമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി പ്രവർത്തനം ആരംഭിച്ചു. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് നാല് വരെ പ്രവർത്തിക്കുന്ന ലാബിൽ മലേറിയ, എച്ച്.ഐ.വി, കഫം, ഗർഭധാരണ പരിശോധന എന്നിവ സൗജന്യമാണ്. ഇവയ്ക്കുപുറമേ മുപ്പതോളം മറ്റു പരിശോധനകളും കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.

സ്വകാര്യ ലാബുകളെ ആശ്രയിക്കാതെ സാധാരണക്കാർക്ക് പരമാവധി പരിശോധനകൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നതിനാണ് ലബോറട്ടറി നവീകരിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുമിത് സുരേന്ദ്രൻ പറഞ്ഞു. നവീകരിച്ച ലാബിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ കൃത്യമായ വിന്യാസത്തിലൂടെയും അടിസ്ഥാനസൗകര്യ വികസനത്തിലൂടെയും പൊതുജന ആരോഗ്യ കേന്ദ്രങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആർദ്രം പദ്ധതിയുടെ ഭാഗമായി ആരോഗ്യ കേന്ദ്രങ്ങൾ കൂടുതൽ രോഗി സൗഹൃദമായി മാറും. രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിനുവേണ്ടി 45 ലക്ഷം രൂപയുടെ പദ്ധതിയാണ് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ചിരിക്കുന്നത്.

ആർദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുമ്പോൾ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും കൂടുതൽ ജീവനക്കാരെയും സൗകര്യങ്ങളും നൽകി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ പരിശോധനകൾക്ക് സ്വകാര്യ ലാബുകളെ അപേക്ഷിച്ച് പുതിയ ലാബിൽ  ചെലവ് നേർപകുതിയായി കുറയുമെന്നും അദ്ദേഹം പറഞ്ഞു.

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാമമംഗലം പഞ്ചായത്തിൽ വിപുലമായ ബോധവൽക്കരണ പരിപാടികളും മെഡിക്കൽ ക്യാമ്പുകളും തുടർന്നും സംഘടിപ്പിക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ ജോബ് സി.ഒ അറിയിച്ചു. ജീവിതശൈലി  രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹ്യ ആരോഗ്യ കേന്ദ്രം തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നിർവ്വഹിച്ചു. രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ. എ മിനി കുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട്  പി. പി സുരേഷ് കുമാർ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. സി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്തംഗം ഒ. കെ കുട്ടപ്പൻ, തുടങ്ങിയർ പ്രസംഗിച്ചു.