കൊച്ചി: ഭവന രഹിതർക്കുള്ള പാർപ്പിട പദ്ധതിയായ സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ ഇതുവരെ ജില്ലയിൽ പൂർത്തിയാക്കിയത് ആയിരത്തോളം വീടുകൾ. 119.54 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീടുകൾ പൂർത്തിയാക്കിയതും എറണാകുളം ജില്ലയാണ്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളിലും ജില്ല ഒന്നാമത് തന്നെ. പൂർത്തിയാകാതെ കിടന്നിരുന്ന വീടുകളുടെ നിർമ്മാണം പൂർത്തിയാക്കലായിരുന്നു പദ്ധതിയുടെ ആദ്യ ഘട്ടം. ജില്ലയിൽ ഇത്തരത്തിൽ ഉണ്ടായിരുന്ന 1068 വീടുകളിൽ 1052 വീടുകളുടെ നിർമ്മാണവും പൂർത്തിയായി. ആദ്യഘട്ടത്തിനായി 24.38 കോടി രൂപയാണ് ചെലവഴിച്ചത്.
പദ്ധതിയുടെ രണ്ടാം ഘട്ടമായ പുതിയ വീടുകളുടെ നിർമ്മാണത്തിൽ ഉൾപ്പെട്ടവരുടെ ആകെ എണ്ണം 10788 ആണ്. എന്നാൽ തീരദേശ സംരക്ഷണ നിയമം, ആവശ്യമായ രേഖകളുടെ അഭാവം, റേഷൻ കാർഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, 25 സെന്റിന് മുകളിൽ സ്വന്തമായി ഭൂമിയുള്ളവർ, ഭൂമി സംബന്ധമായ തർക്കങ്ങൾ എന്നീ മാനദണ്ഡങ്ങൾ അനുസരിച്ച് അന്തിമ പട്ടികയിൽ എത്തിയത് 5696 പേരാണ്. ഇതിൽ 5255 പേർ ഗ്രാമപഞ്ചായത്തുകളിൽ നിന്നും 56 പേർ കോർപ്പറേഷനുകളിൽ നിന്നും 385 പേർ മുനിസിപ്പാലിറ്റികളിൽ നിന്നുമാണ്. ആകെയുള്ള 5696 വീടുകളിൽ 5454 എണ്ണത്തിന് കെട്ടിട നിർമ്മാണത്തിനുള്ള അനുമതിയും കരാർ നൽകുകയും ചെയ്തു. 4950 ഗുണഭോക്താക്കൾക്ക് ആദ്യ ഗഡുവും നൽകി നിർമ്മാണവും ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 69.69 കോടി രൂപയാണ് പദ്ധതിക്ക് നൽകിയിട്ടുള്ളത്. 23.424 കോടി രൂപ ഹഡ്കോ വായ്പയാണ്.
*സഹകരണവുമായി തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീയും
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ എന്നിവയുമായി ചേർന്ന് ലൈഫ് മിഷൻ വീടുകൾ പൂർത്തിയാക്കി വരികയാണ്. 5696 തൊഴിൽ കാർഡുകൾ പദ്ധതിയുടെ ഭാഗമായി അനുവദിച്ചു. 1,23,830 തൊഴിൽ ദിനങ്ങൾ തൊഴിലാളികൾക്ക് ലഭ്യമായി. ജില്ലയിൽ ആകെ 112 കട്ട നിർമ്മാണ യൂണിറ്റുകൾ പദ്ധതിക്ക് വേണ്ടി ആരംഭിച്ചു. ഇതു വരെ 4,98,273 കട്ടകൾ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. ഏറ്റവും കൂടുതൽ യൂണിറ്റുകൾ ഉള്ളത് അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ്. 55 എണ്ണം. അയ്യമ്പുഴ, വെങ്ങോല പഞ്ചായത്തുകളിൽ പത്ത് വീതം യൂണിറ്റുകളുണ്ട്.
പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങൾ ലൈഫിന്റെ ഭാഗമായി നിർമ്മിക്കുന്നത് 13 വീടുകളാണ്. വടക്കേക്കര, കുമ്പളങ്ങി, മഞ്ഞപ്ര എന്നീ പഞ്ചായത്തുകളിലെ ഇവർ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനവും കഴിഞ്ഞു. ഇവ കൂടാതെ ചിറ്റാറ്റുകര, നായരമ്പലം, വാഴക്കുളം, കടമക്കുടി, ആമ്പല്ലൂർ, വാരപ്പെട്ടി, പൂത്തൃക്ക, അശമന്നൂർ, വേങ്ങൂർ, രാമമംഗലം എന്നീ പഞ്ചായത്തുകളിലും ഓരോ വീടുകൾ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഇരുപത് മുതൽ ഇരുപത്തിയഞ്ച് പേർ വരെയാണ് ഒരു യൂണിറ്റിൽ ഉണ്ടാവുക. 53 ദിവസങ്ങളിലായി നിർമ്മാണത്തിലുള്ള വീട്ടിൽ തന്നെയാണ് ഇവർക്കുള്ള പരിശീലനവും നൽകുന്നത്. കുടുംബശ്രീയുടെ സ്വന്തം ഏജൻസികൾ വഴിയോ എംപാനൽ ചെയ്ത ഏജൻസികൾ വഴിയോ ആണ് കുടുംബശ്രീ പ്രവർത്തകർക്ക് വീട് നിർമ്മാണത്തിനുള്ള പരിശീലനം നൽകുന്നത്. ഇവർക്കുള്ള കോട്ട്, ഹെൽമെറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ ജില്ലാ മിഷൻ നൽകും. 200 രൂപയും യാത്രാബത്തയും അടങ്ങിയതാണ് ഇവരുടെ ഒരു ദിവസത്തെ കൂലി.
*പുതിയ ജീവിതത്തിൽ ലൈഫ് ഗുണഭോക്താക്കൾ
തൊഴിലുറപ്പ് പദ്ധതി തൊഴിലാളിയായ ഉഷയുടെ വീടാണ് ജില്ലയിൽ ഭൂമിയുള്ള ഭവനരഹിതർക്ക് നിർമ്മിച്ച ആദ്യ വീട്. പള്ളിപ്പുറം പഞ്ചായത്തിൽ താമസിക്കുന്ന ഇവർക്ക് സ്വന്തം വീടെന്നത് സ്വപ്നമായി അവശേഷിക്കുന്ന സാഹചര്യത്തിൽ ലൈഫ് പദ്ധതിയുടെ ഭാഗമായി. പഞ്ചായത്ത് ഭരണസമിതി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ, നാട്ടുകാർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹായത്തിൽ മൂന്ന് മാസം കൊണ്ട് ഇവരുടെ വീട് നിർമ്മാണം പൂർത്തിയായി.
പള്ളിപ്പുറം പഞ്ചായത്തിലെ ആശ്രയ ഗുണഭോക്താവായ മിനിമോളുടെ കുടുംബം മൂന്ന് പെൺ മക്കളും ഭർത്താവും അടങ്ങുന്നതാണ് 20 വർഷമായി വാടകയ്ക്ക് താമസിച്ചിരുന്ന മിനിമോൾ ബാങ്കിൽ നിന്നും ലോൺ എടുത്ത മൂന്നര സെൻറ് സ്ഥലം വാങ്ങി ഷെഡ് ഉണ്ടാക്കി താമസിച്ചുവരികയായിരുന്നു. സ്ഥലം ജപ്തി ചെയ്യുന്ന സാഹചര്യത്തിലാണ് ഇവർ ലൈഫ് പദ്ധതിയുടെ ഭാഗമാകുന്നത്. മിനിമോൾക്കും മത്സ്യത്തൊഴിലാളിയായ ഭർത്താവിനും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഇവരുടെ മൂന്ന് മക്കളാണ് വീട് നിർമ്മാണത്തിനുള്ള സഹായത്തിന് എത്തിയത്. ഇത് അവർക്ക് സാമ്പത്തികമായി ലാഭമുണ്ടാക്കുകയും വീട് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനും സഹായിച്ചു. പദ്ധതിയുടെ നാല് ലക്ഷം രൂപയ്ക്ക് പുറമെ തൊഴിലുറപ്പ് പദ്ധതിയിലെ 90 തൊഴിൽ ദിനങ്ങളുടെ വേതനവും ഇവർക്ക് ലഭ്യമായി. ഇവരെപ്പോലെ ആയിരത്തോളം കുടുംബങ്ങൾക്ക് ലൈഫ് മിഷൻ നൽകിയത് പുതിയ ജീവിതമാണ്.
106 വീടുകൾ പൂർത്തിയാക്കി പാറക്കടവ് ബ്ലോക്ക് പഞ്ചായത്താണ് ജില്ലയിൽ ഒന്നാമതുള്ളത്. കുന്നുകര, നെടുമ്പാശേരി എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ചത്. മുപ്പത് വീതം വീടുകളാണ് ഇവിടെ പൂർത്തിയാക്കിയിട്ടുള്ളത്. ജില്ലയിൽ കോൺക്രീറ്റ് പൂർത്തിയായ 1284 വീടുകളുടെ നിർമ്മാണവും ഉടൻ പൂർത്തിയാക്കുമെന്ന് ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ ഏണസ്റ്റ് തോമസ് പറഞ്ഞു.