മൂവാറ്റുപുഴ: പൈനാപ്പിള്‍ കൃഷിയുടെ ഈറ്റില്ലമായ മൂവാറ്റുപുഴയില്‍ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നതിനായി പൈനാപ്പിള്‍ പാര്‍ക്ക് സ്ഥാപിക്കണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ ആവശ്യപ്പെട്ടു. നിയമസഭയില്‍ നടന്ന ബജറ്റിന്‍മേലുള്ള ചര്‍ച്ചക്കിടെയാണ് എം.എല്‍.എ ഈ ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ധനകാര്യ വകുപ്പ് മന്ത്രിയ്ക്ക് കത്ത് നല്‍കിയതായും എം.എല്‍.എ പറഞ്ഞു. വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട്‌സ് പ്രൊസസ്സിംഗ് കമ്പനിയുടെ പുനരുദ്ധാരണത്തിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. വാഴക്കുളം പൈനാപ്പിള്‍, ഭൗമശാസ്ത്ര സൂചിക ലഭിച്ച കേരളത്തിലെ ഒരേയൊരു പഴവര്‍ഗവമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സംസ്ഥാനത്തിന് അഭിമാനമായിരുന്ന വാഴക്കുളം പൈനാപ്പിള്‍ ഇന്ന് വിപണിയില്‍ ഏറെ പിന്തള്ളപ്പെട്ടിരിക്കുന്നു. പൈനാപ്പിളിന്റെ അമിതതോല്‍പ്പാദനവും, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ പൈനാപ്പിളിനെ കയ്യൊഴിഞ്ഞതുമുൾപ്പടെ നിരവധി പ്രശ്നങ്ങളാണ് ഈ മേഖല നേരിടുന്നത്. ഇടുക്കി, എറണാകുളം, കോട്ടയം മേഖലകളിലായി നിരവധി കര്‍ഷകരാണ് പൈനാപ്പിളിന്റെ വിലയിടിവിനെത്തുടര്‍ന്ന് കഷ്ടത്തിലായിരിക്കുന്നത്.നല്ല ഡിമാന്‍ഡുണ്ടായിരുന്ന പൈനാപ്പിളിന് ഇന്ന് വിപണിയില്‍ വിലകുറവാണ്. കര്‍ഷകരില്‍ നിന്നും താങ്ങ് വിലയ്ക്ക് സര്‍ക്കാര്‍ പൈനാപ്പിള്‍ സംഭരിക്കുന്നതാണ് കര്‍ഷകര്‍ക്ക് ഏക ആശ്വാസം. ഒരു കിലോ പൈനാപ്പിളിന്റെ ഉല്‍പ്പാദനച്ചെലവ് കിലോക്ക് 25 രൂപക്ക് മുകളിലാണ്. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന പൈനാപ്പിള്‍ താങ്ങുവില നിശ്ചയിച്ച് സര്‍ക്കാര്‍ സംഭരിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയും, വിപണനം നടത്തുകയും ചെയ്യുകയാണ് വേണ്ടത്. മൂവാറ്റുപുഴക്കടുത്ത് പൈനാപ്പിള്‍ തോട്ടങ്ങളാല്‍ സമൃദ്ധമായ വാഴക്കുളം പ്രദേശത്തിന് ഒരു പ്രത്യേകതയുണ്ട്. പൈനാപ്പിള്‍ സിറ്റി എന്നാണ് വാഴക്കുളം അറിയപ്പെടുന്നത്. മധുരം കൊണ്ടും ഔഷധഗുണം കൊണ്ടും സമാനതകളില്ലാത്ത പൈനാപ്പിളുകളാണ് ഭൗമശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ട് ഇവിടെ കൃഷി ചെയ്യപ്പെടുന്നത്. പതിറ്റാണ്ടുകളായി പൈനാപ്പിള്‍ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നൂറുകണക്കിന് കര്‍ഷകരാണ് ഈ മേഖലയിലുള്ളത്. നൂറുകണക്കിന് വ്യാപാരികളും, ആയിരകണക്കിന് തൊഴിലാളികളും പ്രതിസന്ധിയിലാണ്. വഴക്കുളത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന പൈനാപ്പിളിന് വിപണിയില്‍ ലഭിക്കുന്ന സ്വീകാര്യതയും ഗുണമേന്മയും കണക്കിലെടുത്താണ് ഭൗമശാസ്ത്ര സൂചികപട്ടം വാഴക്കുളം പൈനാപ്പിളിനെത്തേടിയെത്തിയത്. ഇത്തരത്തില്‍ കാര്‍ഷികവിളകളില്‍ ഉന്നതമായ ഒരു സ്ഥാനം ലഭിച്ചിട്ടും വാഴക്കുളം പൈനാപ്പിളിന് പുതിയ വിപണി സാധ്യതകള്‍ കണ്ടെത്താനായില്ല. പ്രതിദിനം 1000 ടണ്‍ പൈനാപ്പിള്‍ ഉത്പാദിപ്പിക്കുന്ന കേരളത്തില്‍ ഇതിന്റെ ഭൂരിഭാഗവും സംഭാവന ചെയ്യുന്നത് വാഴക്കുളം മേഖലയാണ്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ 116 താലൂക്കുകളിലാണ് നിലവില്‍ വാഴക്കുളം പൈനാപ്പിള്‍ കൃഷി ചെയ്യുന്നത്. കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പൈനാപ്പിളിന്റെ പ്രധാന വിപണി നോര്‍ത്ത് ഇന്ത്യയായിരുന്നു. എന്നാല്‍ 2016 ലെ നോട്ട് നിരോധനത്തിന് ശേഷം ക്ഷീണത്തിലായ സംസ്ഥാനത്തെ പൈനാപ്പിള്‍ വിപണിക്ക് അപ്രതീക്ഷിത പ്രളയവും തിരിച്ചടിയായി.
