മീനങ്ങാടി ഗവ. ആശുപത്രിക്ക് മുന്നിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരുക്കിയ തുറന്ന വായനശാല ശ്രദ്ധേയമായി. ആശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്കും പൊതുജനങ്ങൾക്കുമായാണ് തുറന്ന വായനശാല തയ്യാറാക്കിയത്. പുസ്തകങ്ങളും മറ്റ് ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യവുമുണ്ട്. മീനങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം മിനി സാജു ഉദ്ഘാടനം ചെയ്തു. കെ.ടി ബിനു, ഡോ. ബിനി, ഡോ. ബിജു, വി. ഹൈറുദ്ദീൻ, പി.എ അബ്ദുൾ നാസർ, എം.ഐ അക്‌സ, ബി. ബിനേഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രതിനിധികളും ആശുപത്രി അധികൃതരും നാട്ടുകാരും വിദ്യാർത്ഥികളും പങ്കെടുത്തു.
കേരളത്തിലെ സ്‌കൂളുകളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നാഷനൽ സർവീസ് സ്‌കീം പ്രവർത്തനം ആരംഭിച്ച് 25 വർഷം തികയുകയാണ്. ഇതിന്റെ ഭാഗമായാണ് എൻഎസ്എസ് സെൽ ‘അക്ഷരദീപം- തുറന്ന വായനശാല’ വിഭാവനം ചെയ്തത്. പൊതുജനങ്ങൾക്കായി തുറന്ന വായനശാലകൾ സ്ഥാപിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
