ജില്ലയിലെ  ബാങ്കുകള്‍ ആറുമാസത്തിനുള്ളില്‍ ആകെ 2415.69 കോടി രൂപ        വായ്പ നല്‍കിയതായി ബാങ്കുകളുടെ അര്‍ധവാര്‍ഷിക അവലോകന യോഗം (ഡിഎല്‍ആര്‍സി) വിലയിരുത്തി. ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയത് കാര്‍ഷിക മേഖലയിലാണ്, 1158 കോടി രൂപ. ഇത് വാര്‍ഷിക ബജറ്റിന്‍റെ 40 ശതമാനമാണ്. മുന്‍ഗണനാ മേഖലയില്‍ 1780.92 കോടി  രൂപ അനുവദിച്ചു. റിസര്‍വ് ബാങ്ക് നിര്‍ദേശ പ്രകാരം അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകളില്‍ രണ്ട് ആഴ്ചയ്ക്കകവും 25 ലക്ഷം രൂപ വരെയുള്ള വായ്പകളില്‍ മൂന്നാഴ്ചയ്ക്കകവും 25 ലക്ഷത്തിനു മുകളില്‍  ആറാഴ്ചയ്ക്കകവും തീരുമാനം എടുക്കുന്നതിന് ജില്ലയില്‍  പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. വായ്പ എടുക്കുന്നതിനാവശ്യമായ പ്രമാണങ്ങളുടെ ചെക്ക് ലിസ്റ്റ് തയാറാക്കി എല്ലാ ബാങ്കുകളും ശാഖകളില്‍  പ്രദര്‍ശിപ്പിക്കും. എല്ലാ മേഖലകളിലും കൂടുതല്‍ വായ്പ നല്‍കിയ ബാങ്ക് മാനേജര്‍മാരെ ഇനി ചേരുന്ന യോഗങ്ങളില്‍ ആദരിക്കാനും തീരുമാനിച്ചു. ചെറുകിട വ്യവസായ മേഖലയില്‍ 204 കോടി (20 ശതമാനം) രൂപ വായ്പ നല്‍കി. ഇത് വര്‍ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി പോലുള്ള സര്‍ക്കാര്‍  സഹായപദ്ധതികള്‍ക്കു കൂടുതല്‍ വായ്പകള്‍ അനുവദിക്കണമെന്നും യോഗം നിര്‍ദേശിച്ചു. വിദ്യാഭ്യാസ/ ഭവന വായ്പ തുടങ്ങിയ മുന്‍ഗണനാ വായ്പകള്‍ 418 കോടി (24 ശതമാനം) ഉള്‍പ്പെടെ മുന്‍ഗണനാ വിഭാഗത്തില്‍  1780.92 കോടി രൂപ വായ്പയായി അനുവദിച്ചത്.
ജില്ലയില്‍ വിദ്യാഭ്യാസ വായ്പ ബോധവത്കരണം ലീഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ എട്ട് സ്ഥലങ്ങളില്‍ നടത്തി.
ജില്ലയിലെ 4000 ഹെക്ടര്‍ തരിശുഭൂമിയില്‍ കൃഷി ചെയ്യുന്നതിന് പദ്ധതി നടപ്പാക്കണമെന്നും ഇതിനാവശ്യമായ തുക വായ്പയായി 6555 കുടുംബശ്രീ ജെഎല്‍ജി വഴി നല്‍കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത  ആന്‍റോ ആന്‍റണി എംപി നിര്‍ദേശിച്ചു. എംപിയുടെ നിര്‍ദേശം യോഗം അംഗീകരിച്ചു. ഇതിനാവശ്യമായ പദ്ധതി തയാറാക്കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തി.
സാമൂഹിക പുരോഗതിക്ക് ഉതകുന്ന വിധത്തില്‍ കൂടുതല്‍ ആളുകളില്‍  ബാങ്ക് വായ്പകള്‍ എടുക്കണമെന്ന്  യോഗത്തില്‍ അധ്യക്ഷത  വഹിച്ച എഡിഎം അനു എസ്. നായര്‍ പറഞ്ഞു. അസറ്റ് റിക്കവറി കമ്പനികള്‍ക്ക് ബാങ്കുകള്‍ വിറ്റ വായ്പ കൂടി സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ സഹായ പദ്ധതിയില്‍പ്പെടുത്തി വേണ്‍ണ്ട പരിഗണന ആ വിഭാഗത്തിനു കൂടി ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
എസ്ബിഐ മേഖല ഡെപ്യുട്ടി ജനറല്‍ മാനേജര്‍ ജോയ് സി ആര്യക്കര മുഖ്യപ്രഭാഷണം നടത്തി. ആര്‍ബിഐ എജിഎം സി. ജോസഫ്, നബാര്‍ഡ് എജിഎം രഘുനാഥപിള്ള, ലീഡ്  ബാങ്ക് മാനേജര്‍ വി. വിജയകുമാരന്‍, വിവിധ ബാങ്ക് പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, കെഎസ്എസ്ഐഎ/എഫ്എല്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.