കലഞ്ഞൂര്‍ പഞ്ചായത്ത് മുന്നില്‍ 
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ ലേബര്‍ ബജറ്റിന്റെ 64 ശതമാനം നേട്ടം കൈവരിച്ചതായി പദ്ധതിയുടെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായ ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ അറിയിച്ചു.   കേന്ദ്ര സര്‍ക്കാര്‍ ജില്ലയ്ക്ക് അംഗീകരിച്ച ലേബര്‍ ബജറ്റ് 18.54 ലക്ഷം തൊഴില്‍ ദിനങ്ങളാണ്. ഇതില്‍ 11,80,883 തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്. സംസ്ഥാന ശരാശരി 56.71 ആണ്. നിലവില്‍ സംസ്ഥാനത്ത് ഏഴാം സ്ഥാനമാണ് ജില്ലയ്ക്ക്. അംഗീകരിച്ച പദ്ധതി അടങ്കലായ 79.72 കോടിയില്‍ 35.51 കോടി  രൂപയാണ് ഇതുവരെയുളള ചെലവ.്
പറക്കോട് ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകള്‍ പദ്ധതിയില്‍ മികവു കാട്ടി മുന്നേറുകയാണ്. ഇവിടെയുളള ഏഴ് ഗ്രാമപഞ്ചായത്തുകളിലായി ലക്ഷ്യമിട്ട തൊഴില്‍ ദിനങ്ങളില്‍ 102.43 ശതമാനത്തോളം നേട്ടം ഇതിനകം കൈവരിച്ചു. ലേബര്‍ ബജറ്റ് അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചതും ഏറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ നല്‍കിയതും കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്താണ്. കലഞ്ഞൂര്‍ ലേബര്‍ ബജറ്റിന്റെ 145.28 ശതമാനം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു. കൊടുമണ്‍, കടമ്പനാട് ഗ്രാമപഞ്ചായത്തുകള്‍ യഥാക്രമം 114.31, 110.34 ശതമാനം വീതം തൊഴില്‍ ദിനങ്ങള്‍ നല്‍കി മുന്നേറുന്നുണ്ട്. റാന്നി 71.51, മല്ലപ്പളളി 57.64 എന്നിങ്ങനെയാണ് മുന്നില്‍ നില്‍ക്കുന്ന മറ്റു ബ്ലോക്കുകളിലെ സ്ഥിതി. ഇലന്തൂര്‍ ബ്ലോക്കിലാണ് ഏറ്റവും കുറവ് തൊഴില്‍ ദിനങ്ങള്‍ നല്‍കിയത് – 28.37 ശതമാനം. പുളിക്കീഴ് 32.20, കോയിപ്രം 33.39, കോന്നി 35.51, പന്തളം 35.36 ശതമാനം എന്നിങ്ങനെയാണ് ബ്ലോക്കുകളിലെ സ്ഥിതി.
        ജില്ലയില്‍ ഏറ്റവും കുറവ് തൊഴില്‍ ദിനങ്ങള്‍ നല്‍കിയത് കോയിപ്രം പഞ്ചായത്താണ്. അംഗീകരിച്ച ലേബര്‍ ബജറ്റിന്റെ 14.51 ശതമാനം മാത്രമാണ് കോയിപ്രം ഇതു വരെ സൃഷ്ടിച്ചത്. ഏറ്റവും കുറവ് തുക ചെലവഴിച്ചത് അരുവാപ്പുലം ഗ്രാമപഞ്ചായത്താണ്. ഇവിടെ ഇതുവരെ 14.38 ശതമാനം മാത്രമാണ് ചെലവ്. മൈലപ്ര 16.27, നെടുമ്പ്രം 19.56  എന്നിങ്ങനെയാണ് പിന്നില്‍ നില്‍ക്കുന്ന മറ്റു ഗ്രാമപഞ്ചായത്തുകളിലെ സ്ഥിതി.
സംസ്ഥാനം വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചതിനാല്‍ ഈ വര്‍ഷം ഒരു കുടുംബത്തിന് 150 ദിവസം വരെ തൊഴില്‍ നല്‍കാന്‍ കഴിയുമെന്ന് പദ്ധതിയുടെ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജി കൃഷ്ണകുമാര്‍ പറഞ്ഞു. ജൂലായ് മാസത്തിലാണ് തൊഴിലാളികളുടെ വേതന കുടിശിക  നല്‍കി പ്രവൃത്തികള്‍ പഞ്ചായത്തുകളില്‍ സജീവമായത്. ഇതുവരെ 285 കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കാനായി. ഡിസംബറിനകം ലേബര്‍ ബജറ്റിന്റെ 75 ശതമാനത്തിലധികം നേട്ടം കൈവരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുളളത്. മാര്‍ച്ച് മാസത്തോടെ പദ്ധതി നൂറ് ശതമാനവും ലക്ഷ്യം കൈവരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി പരിശ്രമിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.