* ക്രിസ്തുമസ് മെട്രോ ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രതയോടെയാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ക്രിസ്തുമസ് മെട്രോ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍കാലങ്ങളിലേതിനെക്കാള്‍ കൂടുതല്‍ തയ്യാറെടുപ്പുകളോടെയാണ് സപ്ലൈകോ ഈ വര്‍ഷം ക്രിസ്തുമസ് മെട്രോ ഫെയറുകള്‍ ആരംഭിക്കുന്നത്. ഉത്സവകാലങ്ങളില്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നത് വലിയ തോതിലാണ്. എല്ലാ വിഭാഗം ജനങ്ങളും എല്ലാ ആഘോഷങ്ങളുടെയും ഭാഗമാകുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകത. അതില്‍ കുടുംബങ്ങളെ സഹായിക്കാന്‍ മാര്‍ക്കറ്റില്‍ ഇടപെടുകയാണ് സപ്ലൈകോ. ഒരു കുടുംബത്തിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ ലഭ്യമാക്കാന്‍ സപ്ലൈകോ മെട്രോ ഫെയറുകള്‍ക്ക് കഴിയും.
രാജ്യത്തിന്റെ പല സ്ഥലങ്ങളിലും വലിയ വിലക്കയറ്റം ഉണ്ടാകുമ്പോഴും സംസ്ഥാനത്ത് അത് ഉണ്ടാകുന്നില്ല. ഇതിന് കാരണം സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി മാര്‍ക്കറ്റില്‍ ഇടപെടുന്നതാണ്. സംസ്ഥാനത്ത് 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കയറുകയില്ലെന്ന് സര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ചതാണ്. നമ്മുടെ നാട് പൊതുവേ ജീവിതനിലവാരം മെച്ചപ്പെട്ട നാടാണ്. എങ്കിലും ജനസംഖ്യയില്‍ നല്ലൊരു ഭാഗം പാവപ്പെട്ടവരാണ്. അവര്‍ക്ക് പിന്തുണ നല്‍കുകയും വിലക്കയറ്റത്തിന്റെ ഭാരം ഉണ്ടാവാതിരിക്കാന്‍ നോക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ഒരു പ്രത്യേകയിനം അരിക്ക് വില കയറുകയാണെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നുണ്ട്. ഈ പ്രത്യേകയിനം അരി ആന്ധ്രയില്‍ നിന്ന് വരുത്തി പൊതുവിതരണ സമ്പ്രദായം വഴി സര്‍ക്കാര്‍ മിതമായ വിലയ്ക്ക് വിതരണം ചെയ്തിരുന്നതാണ്. എന്നാല്‍ അതേ അരി മൊത്തമായി വാങ്ങി സംസ്ഥാനത്തെത്തിച്ച് കൂടിയ വിലയ്ക്ക് കടകളിലൂടെ വില്പന നടത്തുന്ന ചിലര്‍ സംസ്ഥാനത്തുണ്ട് എന്ന് കേള്‍ക്കുന്നു. സര്‍ക്കാര്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ അരി ഇവര്‍ വാങ്ങുമ്പോള്‍ ഇവര്‍ മുഖേന മാത്രം അരിവിതരണം നടത്തണമെന്ന സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് അറിയുന്നത്. ഇത് നാടിന്റെ നന്മയ്‌ക്കെതിരായ നീക്കമാണ്. ഈ ഇനം അരിയുടെ അതേ ഗുണമേന്മയുളള മറ്റ് ഇനം അരികളും വിപണിയില്‍ ഉണ്ട്. ഭക്ഷണകാര്യത്തില്‍ നമ്മള്‍ ശീലിച്ചുവരുന്ന രീതി തുടരുന്നതുകൊണ്ടാണ് തട്ടിപ്പുകാര്‍ ഇങ്ങനെ ഭക്ഷ്യധാന്യങ്ങളുടെ വിലയില്‍ കൃത്രിമ വര്‍ദ്ധന ഉണ്ടാക്കുന്നത്.
പൊതുവിതരണ രംഗം ശക്തിപ്പെടുത്താന്‍ 200 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റി വച്ചത്. ഇനിയും ഈ രംഗം കൂടുതല്‍ ശക്തിപ്പെടുത്തും. കേരളത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും അവശ്യസാധനങ്ങള്‍ ലഭിക്കുന്ന സ്റ്റോറുകള്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തവണ നെല്ലിന്റെ സംഭരണ വിലയില്‍ 80 പൈസയുടെ വര്‍ദ്ധന കേന്ദ്രസര്‍ക്കാര്‍ വരുത്തിയിട്ടും സംസ്ഥാനത്ത് അരിവിലയില്‍ ഒരു പൈസയുടെ പോലും വര്‍ദ്ധനവ് ഉണ്ടായില്ലെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. 1500 ല്‍പരം ഔട്ട്‌ലെറ്റുകളിലൂടെ ഈ ഉത്സവകാലത്ത് എല്ലാ നിത്യോപയോഗ സാധനങ്ങളും ന്യായവിലയ്ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 24 വരെ സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ ക്രിസ്തുമസ് മാര്‍ക്കറ്റുകളായി പ്രവര്‍ത്തിക്കും. സപ്ലൈകോ വിപണ കേന്ദ്രങ്ങളില്‍ നിന്നും വാങ്ങുന്ന ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 30 ശതമാനം വരെ കിഴിവ് ലഭിക്കും. വില്പനശാലകള്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് ഏഴ് വരെ ഇടവേളയില്ലാതെ തുറന്ന് പ്രവര്‍ത്തിക്കും. ക്രിസ്തുമസ് കേക്ക്, ബേക്കറി വിഭവങ്ങള്‍ എന്നിവ മിതമായ വിലയില്‍ സപ്ലൈകോ ഫെയറുകളില്‍ ലഭ്യമാക്കും.
കഴിഞ്ഞ മെട്രോ ഫെയര്‍ ബമ്പര്‍ നറുക്കെടുപ്പില്‍ വിജയിയായ എറണാകുളം സ്വദേശി ബിന്ദു വി മുഖ്യമന്ത്രിയില്‍ നിന്നും സമ്മാനമായ അഞ്ച് പവന്‍ സ്വര്‍ണ്ണം ഏറ്റു വാങ്ങി. ആദ്യ വില്പന ശ്രീദേവിയ്ക്ക് നല്‍കി മുഖ്യമന്ത്രി നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സഗരസഭാ പ്ലാനിംഗ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സതീഷ് കുമാര്‍, ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറിയും കമ്മീഷണര്‍ ഇന്‍ ചാര്‍ജ്ജുമായ മിനി ആന്റണി, സപ്ലൈകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍, തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസര്‍ കെ. സുരേഷ് കുമാര്‍, സപ്ലൈകോ റീജിയണല്‍ മാനേജര്‍ ഗീതാകുമാരി എസ് തുടങ്ങിയവര്‍ സംബന്ധിച്ചു.