രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് അവസാനിക്കും. ഗ്രെയ്ന്‍, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, വൈറ്റ് ബ്രിഡ്ജ്, ന്യൂട്ടണ്‍,  പൊമഗ്രനേറ്റ് ഓര്‍ച്ചാര്‍ഡ്, ഡാര്‍ക്ക് വിന്‍ഡ്, ദി വേള്‍ഡ് ഓഫ് വിച്ച് വി ഡ്രീം ഡസിന്റ് എക്‌സിസ്റ്റ്, വാജിബ്, ഏഥന്‍ എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ഇന്ന് അവസാനിക്കുന്നത്. നിറഞ്ഞ സദസ്സിലായിരുന്നു മത്സരവിഭാഗത്തിലെ ചിത്രങ്ങളുടെ ഇതേവരെയുള്ള പ്രദര്‍ശനങ്ങള്‍.
നാല് ഇന്ത്യന്‍  ചിത്രങ്ങളുള്‍പ്പെടെ 14 സിനിമകളാണ് മത്സരരംഗത്തുള്ളത്. പ്രമേയംകൊണ്ടും അവതരണ രീതികൊണ്ടും മികച്ചുനില്‍ക്കുന്ന മത്സര ചിത്രങ്ങളില്‍ ഏതാകും സുവര്‍ണചകോരം പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
മികച്ച ചിത്രം തെരഞ്ഞെടുക്കാന്‍ പ്രതിനിധികള്‍ക്ക് അവസരമൊരുക്കുന്ന ഓഡിയന്‍സ് പോള്‍ ഇന്ന് (14.12.2017) ആരംഭിക്കും. രാവിലെ 10 ന് ആരംഭിക്കുന്ന വോട്ടെടുപ്പ് 24 മണിക്കൂര്‍ നീണ്ടുനില്‍ക്കും.
രജിസ്‌ട്രേഷന്‍ ഐ.ഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പ്രതിനിധികള്‍ക്ക് വോട്ട് രേഖപ്പെടുത്താം. എസ്.എം.എസ്,  മൊബൈല്‍ ആപ്പ്, വെബ്‌സൈറ്റ് എന്നിവയിലൂടെ വോട്ട് രേഖപ്പെടുത്താം. മുഖ്യവേദിയായ ടാഗോര്‍, കൈരളി, കലാഭവന്‍ എന്നിവിടങ്ങളിലുള്ള ഹെല്‍പ് ഡെസ്‌കുകളില്‍ സാങ്കേതിക സഹായം ലഭ്യമായിരിക്കും. എസ്.എം.എസ് അയയ്‌ക്കേണ്ട ഫോര്‍മാറ്റ് IFFK >MOVIE CODE (ഷെഡ്യൂളിലെ നമ്പര്‍). അയയ്‌ക്കേണ്ട നമ്പര്‍ 56070. മത്സരവിഭാഗത്തിലെ ചിത്രങ്ങളുടെ മൂവി കോഡ് ഇ-മെയില്‍ ആയും എസ്.എം.എസ് ആയും പ്രതിനിധികള്‍ക്ക് വോട്ടെടുപ്പിന് മുമ്പേ ലഭിക്കുന്നതാണ്.