കൊല്ലത്ത് കാഥികന്‍ വി. സാംബശിവന്റെ സ്മാരകത്തിന്റെ നിര്‍മാണം താമസിയാതെ ആരംഭിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ചിന്നക്കടയില്‍ കൊല്ലം കോര്‍പ്പറേഷന്‍ സജ്ജീകരിച്ച സാംബശിവന്‍ സ്‌ക്വയറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സാംബശിവന്റെ കുടുംബം സംഭാവന ചെയ്യുന്ന സ്ഥലത്ത് സ്മാരകം നിര്‍മിക്കുന്നതിന്റ ഭാഗമായി ട്രസ്റ്റ് രൂപീകരിക്കും. ആദ്യഘട്ടമായി സര്‍ക്കാര്‍ അന്‍പതു ലക്ഷം രൂപ അനുവദിച്ചു. അന്‍പതു ലക്ഷം രൂപ കൂടി നല്‍കും.
പുരോഗമന കേരളത്തെ സൃഷ്ടിക്കുന്നതില്‍ കഥാപ്രസംഗ കല വഹിച്ച പങ്ക് വളരെ വലുതാണ്. കഥാപ്രസംഗത്തെ വാനോളമുയര്‍ത്തിയ കലാകാരനാണ് സാംബശിവന്‍. ആഗോള ക്ലാസിക് രചനകള്‍ അദ്ദേഹത്തിന്റെ കഥാപ്രസംഗങ്ങളിലൂടെ സാധാരണക്കാരുടെ ഹൃദയങ്ങളിലെത്തി.
  തന്റെ കഥകളിലൂടെ അദ്ദേഹം ഉയര്‍ത്തിവിട്ട നിസ്വവര്‍ഗ രാഷ്ട്രീയ ആശയങ്ങള്‍ ഭരണവര്‍ഗ രാഷ്ട്രീയത്തിന് മാരകമായ മുറിവുകളാണ് ഏല്‍പ്പിച്ചത്. അതിന്റെ ഭാഗമായി അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ അദ്ദേഹത്തിന് തടവറയില്‍ കഴിയേണ്ടിവന്നു. കൊല്ലം  നഗരത്തെ സ്വന്തം പേരിനൊപ്പം കൊണ്ടുനടന്ന കലാകാരന് ഇവിടെ ഉചിതമായ സ്മാരകമില്ലാത്ത സാഹചര്യത്തിലാണ് കോര്‍പ്പറേഷന്‍ മുന്‍കൈ എടുത്ത് സാംബശിവന്‍ സ്‌ക്വയര്‍ സജ്ജീകരിച്ചത്.
കഥാപ്രസംഗ കല നശിക്കാന്‍ പാടില്ല. അതിനെ സംരക്ഷിക്കുന്നതിന് ഈ മേഖലയിലുമായി  ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എല്ലാ പ്രോത്സാഹനവും സഹായവും നല്‍കണം. ഈ കലയെ നല്ല നിലയില്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ സാംസ്‌കാരിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാകും-മന്ത്രി പറഞ്ഞു.
മേയര്‍ വി. രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. കെ. സോമപ്രസാദ് എം.പി, എം.എല്‍.എമാരായ എം.മുകേഷ്, എം. നൗഷാദ്, ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് കെ. ജഗദമ്മ, മറ്റ് ജനപ്രതിനിധികള്‍, വൈലോപ്പള്ളി സംസ്‌കൃതി ഭവന്‍ സെക്രട്ടറി എം.ആര്‍. ജയഗീത തുടങ്ങിയവര്‍ പങ്കെടുത്തു.