ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍  ദിലീഷ് പോത്തന്‍. ‘മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും ഘടനയുമെന്ന’ വിഷയത്തെക്കുറിച്ച്  ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സിനിമകളെ മികച്ചതാക്കുന്നതില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ‘മഹേഷിന്റെ പ്രതികാരത്തിന്’ ലഭിച്ച സ്വീകാര്യതയാണ് അടുത്ത ചിത്രമൊരുക്കാന്‍  തനിക്ക് ധൈര്യം നല്‍കിയത്. എന്നാല്‍ ഉള്ളടക്കത്തിലും ഘടനയിലും മലയാള സിനിമയില്‍ പുതിയ പരീക്ഷണങ്ങള്‍ സംഭവിക്കുമ്പോഴും ദൃശ്യഭാഷയൊരുക്കുന്ന തിരക്കഥാകൃത്തുക്കള്‍ നമുക്കുണ്ടാവുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഷോര്‍ട് ഫിലിം നിര്‍മ്മിക്കുന്നതിലൂടെ പുതിയ തലമുറ സംവിധായകര്‍ക്ക് സിനിമ നിര്‍മ്മാണം എളുപ്പമാകുന്നുണ്ടെന്നും സംവിധായകന്‍ മധുപാല്‍ പറഞ്ഞു. തിരക്കഥക്ക് പ്രാധാന്യം നല്‍കാതെ സിനിമയൊരുക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും വെല്ലുവിളിയായി മാറുന്നുവെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞു. ചലച്ചിത്ര നിരൂപകന്‍ സി.എസ് വെങ്കിടേശ്വരന്‍ മോഡറേറ്ററായിരുന്നു.