സര്‍ക്കാര്‍ തല സൗജന്യ ചികില്‍സാ പദ്ധതികള്‍ രോഗികള്‍ക്ക് ഗുണപ്രദമാകുന്ന രീതിയില്‍ നടപ്പിലാക്കി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ.താലൂക്ക് ആശുപത്രി താമരശ്ശേരി മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് 2018-19 കാലയളവില്‍ നടപ്പിലാക്കിയത്. ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി, അമ്മയും കുഞ്ഞും പദ്ധതി, ആര്‍.ബി.എസ്.കെ, ആരോഗ്യ കിരണം, കൗമാര ആരോഗ്യ പദ്ധതി, പ്രതിരോധ കുത്തിവയ്പ് പരിപാടി, കുടുംബാരോഗ്യ പദ്ധതികള്‍, ജീവിത ശൈലീ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി ഡയബറ്റിക് ഫൂട്ട് ക്ലിനിക്, മെഡിക്കല്‍ ബോര്‍ഡ്, മാനസിക ആരോഗ്യ ഒ.പി തുടങ്ങിയ പദ്ധതികളെല്ലാം ജനങ്ങളിലേക്കെത്തിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞു.
മികച്ച സേവനങ്ങള്‍ നല്‍കുന്ന ഗൈനക്കോളജി, കുട്ടികളുടെ വിഭാഗം, ദന്തരോഗ വിഭാഗം, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, അനസ്‌തേഷ്യ, 24 മണിക്കൂര്‍ അത്യാഹിത വിഭാഗം, ഡയാലിസിസ്, 24 മണിക്കൂര്‍ ലബോറട്ടറി, പേ വാര്‍ഡ്, ബ്ലഡ് സ്റ്റോറേജ്, ജ്യോതിസ്, ഒ.എസ്.ടി. എന്നീ ഡിപ്പാര്‍ട്ടുമെന്റുകളും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കാലയളവില്‍ ആശുപത്രിയിലെ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിച്ചു. ഫാര്‍മസി കാത്തിരിപ്പു കേന്ദ്രം, ഒ.പി.കാത്തിരിപ്പു കേന്ദ്രം, ആശുപത്രി പരിസരം ഇന്റര്‍ലോക്ക് ചെയ്തു വൃത്തിയാക്കല്‍, മാലിന്യ സംസ്‌കരണ പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, കാരുണ്യ ഫാര്‍മസി നവീകരണം, പൂന്തോട്ടം വികസിപ്പിക്കല്‍, ഔഷധത്തോട്ടം എന്നിവയിലൂടെ സൌഹൃദ അന്തരീക്ഷം സൃഷ്ടിക്കാനും സാധിച്ചു.
രോഗീ സൗഹൃദ ആശുപത്രിയാക്കി മാറ്റുന്നതിനു വേണ്ടി ആശുപത്രിയുടെ സേവനങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ നിക്ഷേപിക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിര്‍ദ്ദേശപ്പെട്ടികള്‍ സ്ഥാപിച്ചു. ഒ.പി.യിലും ഐ.പി.യിലുമുള്ള രോഗികളില്‍ നിന്നും ആശുപത്രിയുടെ സേവനങ്ങളെക്കുറിച്ചുള്ള അഭിപ്രായ സര്‍വ്വെ നിരന്തരം നടത്തി വരുന്നു. ഒ.പി.യിലെത്തുന്ന രോഗികള്‍ക്ക് പ്രത്യേകം ഐ.ഡി.നമ്പര്‍ നല്കി ചികില്‍സക്ക് പരിഗണന നല്കുന്നു. ഒ.പി.ടിക്കറ്റ് കൗണ്ടര്‍, ഒ.പി.പരിശോധന സ്ഥലം, ഫാര്‍മസി എന്നിവിടങ്ങളില്‍ ടോക്കണ്‍ സംവിധാനം, സി.സി.ടി.വി. സംവിധാനം, ഇന്റര്‍കോം സംവിധാനം എന്നിവ ഉറപ്പാക്കി സാങ്കേതിക വികസനത്തിലും ആശുപത്രിയുടെ സേവനം മികച്ചു നില്ക്കുന്നു.
കേന്ദ്ര സര്‍ക്കാറിന്റെ ഗുണമേന്മഉറപ്പാക്കുന്നതിനുള്ള വിവിധ അംഗീകാര പദ്ധതികളില്‍ താമരശ്ശേരി താലൂക്ക് ആശുപത്രി മുന്‍ നിരയിലുണ്ട്. 2017 ല്‍ കായകല്പ് സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചു.2 018 ല്‍ സംസ്ഥാന തലത്തില്‍ നാലാം സ്ഥാനവും ലഭിച്ചു. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് ദേശീയ അംഗീകാരത്തിനുള്ള പരിശോധന മാര്‍ച്ച് മാസം പൂര്‍ത്തിയാക്കാന്‍ സാധിക്കും. ആശുപത്രിയിലെ വിവിധ വിഭാഗം ജീവനക്കാരുടേയും, ആശുപത്രിയിലെത്തുന്ന രോഗികളുടേയും, സന്നദ്ധ പ്രവര്‍ത്തകരുടേയും, ജന പ്രതിനിധികളുടേയും സേവനവുമാണ് താമരശേരി ഗവ. ആശുപത്രിയെ സ്വകാര്യ ആശുപത്രികളെ വെല്ലുന്ന തരത്തിലുള്ള സേവനം നല്കാന്‍ സാധിക്കുന്നതിലേക്ക് ഉയര്‍ത്താന്‍ കരുത്ത് പകരുന്നത്.