നടപടിക്രമങ്ങള്‍ ലഘൂകരിച്ചും ബോധവല്‍ക്കരണം നടത്തിയും  നാലു ലക്ഷത്തിലധികം തൊഴിലാളികളെ   ഇ എസ് ഐ സേവന പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ഈ സര്‍ക്കാരിന് സാധിച്ചതായി തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. പുതുതായി ആരംഭിച്ച കട്ടപ്പന ഇ.എസ്.ഐ ഡിസ്പെന്‍സറിയുടെ  ഉദ്ഘാടനം വെള്ളയാംകുടിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഎസ് ഐ പ്രവര്‍ത്തനം വ്യാപിപ്പിച്ച് അര്‍ഹരായ എല്ലാ തൊഴിലാളികള്‍ക്കും ചികിത്സാ സേവനം ഉറപ്പുവരുത്തുവാന്‍ സര്‍ക്കാര്‍ നടപടികളാരംഭിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് ഇടുക്കി ജില്ലയിലെ രണ്ടാമത്തെ ഡിസ്‌പെന്‍സറി കട്ടപ്പനയില്‍ ആരംഭിച്ചിരിക്കുന്നത്.
തോട്ടം തൊഴിലാളികളെകൂടി ഉള്‍ക്കൊള്ളിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് ഇ.എസ്.ഐ പരിധി വിപുലീകരിച്ച് കൂടുതല്‍ മേഖലകളില്‍ ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വെള്ളയാംകുടിയില്‍ ഡിസ്‌പെപെന്‍സറി അങ്കണത്തില്‍ നടന്ന ഉദ്ഘാടന യോഗത്തിന് വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി അധ്യക്ഷത വഹിച്ചു. തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനപ്രദമായ ഇ എസ് ഐ ഡിസ്‌പെന്‍സറി ജില്ലയില്‍ രണ്ടാമതായി കട്ടപ്പന കേന്ദ്രമായി ആരംഭിക്കാന്‍ സാധിച്ചത് ഹൈറേഞ്ച് നിവാസികള്‍ക്ക് ഏറെ സൗകര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതലുള്ള തോട്ടം തൊഴിലാളികള്‍ക്ക് കൂടി ഇ എസ് ഐ സേവനം ബാധകമാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
 സാമൂഹ്യ സുരക്ഷാ പദ്ധതിയായ ഇ.എസ്.ഐയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സമഗ്രമായ വൈദ്യസഹായം നല്കുന്ന  ഇ.എസ്. ഐ ഡിസ്‌പെന്‍സറി ജില്ലയില്‍ രണ്ടാമതായാണ് കട്ടപ്പനയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡിസ്‌പെന്‍സറി ഇടുക്കി ജില്ലയില്‍ തൊടുപുഴയില്‍ മാത്രമാണ് ഉണ്ടായിരുന്നത്.  ഇ.എസ്.ഐ കോര്‍പ്പറേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്  അടിമാലിയിലെ
ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്നത്. തോട്ടം മേഖലയിലെ തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി ജില്ലയിലെ ഗണ്യമായ വിഭാഗം തൊഴിലാളി കുടുംബങ്ങള്‍ക്ക് ചികിത്സാ സഹായം നല്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചു വരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് തൊടുപുഴ കൂടാതെ  കട്ടപ്പന കേന്ദ്രമാക്കി ഒരു ഡിസ്‌പെന്‍സറി കൂടി പുതുതായി ആരംഭിച്ചത്.
  യോഗത്തില്‍ ജോയ്സ് ജോര്‍ജ്ജ് എം.പി, കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ മനോജ് എം. തോമസ്, തൃശൂര്‍ റീജിയണല്‍ ഡയറക്ടര്‍ സി.വി ജോസഫ്, നഗരസഭാ കൗണ്‍സിലര്‍ വി.ആര്‍. രമേശ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പ് ഡയറക്ടര്‍ ഡോ.അജിത നായര്‍ ആര്‍, മധ്യമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ലേഖ എസ്, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.