ന്യൂഡൽഹി : കേരള നിയമസഭ സമ്പൂർണമായി ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്കു കേന്ദ്ര സർക്കാറിന്റെ അംഗീകാരം. ഇ-വിധാൻസഭയുടെ സമ്പൂർണ ചെലവു വഹിക്കുമെന്നു കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി അനന്ദ് കുമാർ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് ഉറപ്പു നൽകി. പാർലമെന്റ് ഹൗസിൽ ഇരുവരും നടത്തിയ കൂടിക്കാഴ്ചയിൽ കടലാസ് രഹിത നിയമസഭയുടെ പദ്ധതി രേഖ സ്പീക്കർ സമർപ്പിച്ചു.
ഇ-വിധാൻസഭാ പദ്ധതിയുടെ നിർവഹണം കേരള നിയമസഭയ്ക്കു സ്വതന്ത്രമായി നടത്താമെന്നു കൂടിക്കാഴ്ചയിൽ ധാരണയായി. വിശദമായ പദ്ധതി രേഖ(ഡിപിആർ) ഉടൻ തയാറാക്കി കേന്ദ്ര സർക്കാറിനു സമർപ്പിക്കണം. മൂന്നു ഗഡുക്കളായാകും കേന്ദ്ര സഹായം അനുവദിക്കുക. ഇ-വിധാൻ സഭാ പദ്ധതിയിൽ കേരളം കാണിക്കുന്ന താത്പര്യം അഭിനന്ദനാർഹമാണെന്നു കൂടിക്കാഴ്ചയിൽ കേന്ദ്ര മന്ത്രി അനന്ദ് കുമാർ പറഞ്ഞു.
ആറു മാസത്തിനകം പദ്ധതി പൂർത്തികരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾക്കു പ്രാമുഖ്യം നൽകി ടെൻഡർ നടപടികൾ പൂർത്തിയാക്കും. കേരള നിയമസഭ പല കാര്യങ്ങളിലും രാജ്യത്തെ മറ്റു നിയമഭകളേക്കാൾ ഏറെ മുന്നിലാണ്. 36 നിയമസഭാ സമിതികൾ കേരള നിയമസഭയിലുണ്ട്. പാർലമെന്ററികാര്യ പഠനകേന്ദ്രം, പ്രവർത്തനോ•ുഖ നിയമസഭാ മ്യൂസിയം,പൊതുജനങ്ങൾക്കുകൂടി പങ്കാളിത്തമുള്ള നിയമ നിർമാണ പ്രക്രിയ, ഓൺലൈൻ യൂണിവേഴ്‌സിറ്റി ഓൺ ഡെമോക്രസി തുടങ്ങിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്നും ഇവയെല്ലാം ഉൾക്കൊള്ളുന്ന വിധത്തിലാകും ഇ-നിയമസഭാ പദ്ധതി നടപ്പാക്കുകയെന്നും സ്പീക്കർ പറഞ്ഞു.