സ്വദേശത്തും വിദേശത്തും മികച്ച ജോലിയെന്നത് സ്വപ്നമെങ്കില്‍ ഇനി ഒട്ടും വൈകേണ്ട, അസാപ് കമ്യൂണിറ്റി സെന്ററിലേക്ക് വരാം. തൊഴില്‍ നൈപുണ്യത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. വിദ്യാനഗര്‍ സീതാംഗോളി റോഡിലാണ് സ്‌കില്‍ പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കുന്നത്. വൈവിധ്യമാര്‍ന്ന പ്രൊഫഷണല്‍ കോഴ്‌സിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനം നല്‍കി സ്വദേശത്തും വിദേശത്തും മികച്ച ജോലി ലഭ്യമാക്കാനുള്ള എല്ലാ സാഹചര്യവും ഇവിടെ ലഭ്യമാണ്. ഭിന്നശേഷിക്കാര്‍ക്ക് വരെ അനുഗുണമായ കോഴ്‌സുകളും സൗകര്യങ്ങളും ഇവിടെ ഉണ്ടായിരിക്കും എന്നത് സ്‌കില്‍ പാര്‍ക്കിന്റെ മറ്റൊരു പ്രത്യേകതയാണ്. എഡിബി സഹായത്താല്‍ സംസ്ഥാന സര്‍ക്കാര്‍ 13 കോടി രൂപ ചെലവഴിച്ചാണ് കേന്ദ്രം നിലവില്‍ വരുന്നത്.
ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ജോലി എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി പലപ്പോഴും അന്യജില്ലകളിലോ മറ്റ് സംസ്ഥാനങ്ങളിലോ പോയി പഠിക്കേണ്ടി വരുന്നു. ഇത്തരം സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമാവുകയാണ് അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്. മൂന്ന് മാസംമുതല്‍ ഒരുവര്‍ഷം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ ഇവിടെ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കായി ഓരോ വിഷയത്തിലും വിദഗ്ദരായ പരിശീലകരുടെ സേവനം ഉറപ്പ് വരുത്തും. കോയമ്പത്തൂര്‍ മറൈന്‍ കോളേജിന്റെ നേതൃത്വത്തിലാണ് എല്ലാ കോഴ്‌സ്‌കളും ഇവിടെ നടത്തുന്നത്. തിരുവനന്തപുരമാണ് സ്‌കില്‍ പാര്‍ക്കിന്റെ ഹെഡ്ഓഫീസ്
ഇരുനില കെട്ടിടത്തിലായി അഞ്ച് ക്ലാസ്സ് റൂം, നാല് പരിശീലന മുറി , ചുരുങ്ങിയത് നാല്‍പതോളം കമ്പ്യൂട്ടറുകളുള്ള അത്യാധുനിക ഐടി റൂം, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ടോയിലറ്റ് , ലിഫ്റ്റ് സൗകര്യം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കി ല്‍ഉണ്ടാകും. വിദ്യര്‍ത്ഥികളുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഒരുങ്ങികഴിഞ്ഞു. പ്രവര്‍ത്തനമാരംഭിക്കുന്നതോടെ വിവിധ രംഗങ്ങളില്‍ മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ സ്‌കില്‍ പാര്‍ക്കിന് കഴിയുമെന്നാണ് വിദ്യാഭ്യാസ വിദഗ്ദരുടെ പ്രതീക്ഷ.
