കടല്‍ക്ഷോഭങ്ങളും മത്സ്യലഭ്യതക്കുറവും പ്രതിസന്ധിയിലാക്കിയ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍. കാസര്‍കോട് കസബ കടപ്പുറത്ത് ദുരിതത്തിലായ 36 കുടുംബങ്ങള്‍ക്കാണ് പുതിയ ജീവിത പ്രതീക്ഷകള്‍ നല്‍കി ഫിഷറീസ് വകുപ്പ് സ്ഥലം അനുവദിച്ച് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. മത്സ്യത്തൊഴിലാളികള്‍ കസബയില്‍ തന്നെ കണ്ടെത്തിയ സ്ഥലത്താണ് ഫിഷറീസ് വകുപ്പിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കാലങ്ങളായുള്ള സ്വപ്നസാക്ഷാല്‍ക്കാരത്തിന് തുടക്കം കുറിക്കുന്നത്. ജില്ലാ കളക്ടര്‍ അധ്യക്ഷനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറുമായ ഡിസ്ട്രിക്റ്റ് ലെവല്‍ പര്‍ച്ചേസ് കമ്മിറ്റി കഴിഞ്ഞ ഒക്‌ടോബറില്‍ കണ്ടെത്തിയ സ്ഥലത്തിന്റെ വില നിശ്ചയിച്ചു നല്‍കിയിരുന്നു. തുടര്‍ന്ന് ജനുവരിക്കകം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. 2016-17 വര്‍ഷത്തെ ഭൂരഹിത ഭവന രഹിത പദ്ധതി പ്രകാരം ജില്ലയ്ക്ക് 129വീടുകളാണ് അനുവദിച്ചത്. അതില്‍ 96 പേരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി 29 പേര്‍ക്ക് സ്ഥലമനുവദിക്കുകയും ചെയ്തു. ബാക്കിയുള്ളവര്‍ക്ക് സ്ഥലവും വീടുമനുവദിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നുണ്ട്. 2017-18ല്‍ നടപ്പാക്കിയ ‘തീരദേശ മേഖലയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ സ്ഥലം വാങ്ങി മാറ്റി പാര്‍പ്പിക്കുന്ന പദ്ധതി’ പ്രകാരം ജില്ലയ്ക്ക് 50 യൂണിറ്റുകള്‍ അനുവദിച്ചിരുന്നു. 21 ഗുണഭോക്താക്കളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതില്‍ 7 പേര്‍ക്ക് കാസര്‍കോട് കസബയിലാണ് സ്ഥലം കണ്ടെത്തിയത്. പദ്ധതികള്‍ പ്രകാരം സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷവും വീടു നിര്‍മ്മിക്കാന്‍ നാലു ലക്ഷവുമാണ് അനുവദിക്കുന്നത്. വീടു നിര്‍മ്മാണം ഗുണഭോക്താക്കളുടെ താല്‍പര്യപ്രകാരം കോണ്‍ട്രാക്ട് നല്‍കാവുന്നതാണ്. കെട്ടിട നിര്‍മ്മാണ വസ്തുക്കളുടെ അഭാവം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വേഗതയെ ബാധിക്കുന്നുണ്ടെന്നും ആറുമാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ അജിത പറഞ്ഞു.