കുറുപ്പംപടി : കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ 2015 – 20 കാലഘട്ടത്തിലെ ഭരണസമിതിയുടെ നാലാമത്തെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി വർഗീസ് അവതരിപ്പിച്ചു. ആരോഗ്യകേന്ദ്രങ്ങൾ ജനസൗഹൃദമാക്കുക, പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമാക്കുക, ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിൽ ജലസ്രോതസ്സുകൾ സംരക്ഷിക്കുക, കൂവപ്പടി നിവാസികൾക്ക് ഭവനനിർമ്മാണം എന്നിവയ്ക്ക് പ്രത്യേകം ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീ സുരക്ഷയ്ക്കും കുട്ടികളുടെയും വൃദ്ധരുടെയും സംരക്ഷണത്തിനും പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമത്തിനും ഒപ്പം പ്രാധാന്യം നൽകുന്നു. പ്രളയാനന്തര കേരളത്തെ കെട്ടിപ്പടുക്കുന്ന തോടൊപ്പം ഭക്ഷ്യസുരക്ഷയ്ക്കും ഭൂരഹിത ഭവന രഹിതർ ഇല്ലാത്ത പഞ്ചായത്തുകളും യാഥാർത്ഥ്യമാക്കാൻ ഉതകുന്ന പ്രവർത്തനങ്ങളുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

2019 – 20 സാമ്പത്തികവർഷം ഉൽപാദനമേഖലയിൽ കൃഷിയെ പരിപോഷിപ്പിക്കുന്നതിന് സമഗ്ര കാർഷിക വികസനത്തിനും ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പഞ്ചായത്തുകളിൽ ജലസ്രോതസുകൾ സംരക്ഷിക്കുന്നതിന് ലീഡിങ് ചാനൽ, തോട് ആഴംകൂട്ടൽ ,ലിഫ്റ്റ് ഇറിഗേഷൻ പൂർത്തീകരണം എന്നീ പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളത്.

കാർഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിനും സമഗ്ര നെൽകൃഷി വികസനം എന്ന പദ്ധതിയിലൂടെ കർഷകർക്ക് 15,00,000 രൂപയും ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ള 15,00,000 രൂപയും ചേർത്ത് 3000000 രൂപയും വകയിരുത്തുന്നു.
പാൽ ഉത്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൂവപ്പടി ബ്ലോക്ക് പരിധിയിലുള്ള ക്ഷീരസഹകരണ സംഘങ്ങൾ മുഖേന ക്ഷീരകർഷകർക്ക് പാലിന് സബ്സിഡിയായി 1,80,000 രൂപ നീക്കിവച്ചിട്ടുണ്ട്. പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുദ്ധാരണത്തിനും നീർത്തടങ്ങളുടെ സംരക്ഷണത്തിനും വിവിധ പ്രദേശങ്ങളിൽ ലീഡിങ് ചാനൽ റോഡ് എന്നിവയുടെ ആഴംകൂട്ടൽ ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഉൽപാദനമേഖലയിൽ 1,37,05,440 രൂപ വകയിരുത്തിയിട്ടുണ്ട്.
അങ്കണവാടികളിൽ ഹൈടെക് സൗകര്യം ഏർപ്പെടുത്തുന്നതിനു 26,00,000 രൂപയും ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് 16,00,000 രൂപയും ബഡ്സ് സ്കൂളുകൾക്ക് നാപ്കിൻ വെൻഡിങ് മെഷീൻ സ്ഥാപിക്കുന്നതിന് 2,08,222 രൂപയും വകയിരുത്തുന്നു. സാമൂഹ്യ സുരക്ഷാ രംഗത്ത് അശരണരും നിരാലംബരുമായ അഗതികൾ വൃദ്ധജനങ്ങൾ എന്നിവരുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും പാലിയേറ്റീവ് കെയറിനു മായി 24,27,150 രൂപ ബജറ്റിൽ വകയിരുത്തുന്നു.
വനിതാ സൗഹൃദ കേന്ദ്രങ്ങൾ ,വിവിധ സ്കൂളുകളിൽ ശുചിത്വമിഷൻ നിന്നും ലഭിക്കുന്ന 7,50,000 രൂപ കൂടി ഉൾപ്പെടുത്തി വിവിധ സർക്കാർ സ്കൂളുകളിൽ പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് ,ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വനിതകൾക്കായി പ്രത്യേകം ടോയ്ലറ്റ് എന്നിവ നിർമിക്കുന്നതിനും ലക്ഷ്യമിടുന്നു ഇതിനായി 48,54,300 രൂപ വകയിരുത്തുന്നു.

ഭൂമിയുള്ള ഭവന രഹിതർക്ക് ഭവന നിർമ്മാണത്തിനുള്ള സഹായമായി ലൈഫ് പദ്ധതിക്കുവേണ്ടി ഗ്രാമപഞ്ചായത്തിന് ബ്ലോക്ക് വിഹിതമായും പിഎംഎവൈ അധിക വിഹിതം നൽകുന്നതുൾപ്പെടെ പാർപ്പിട മേഖലയിൽ 1,14,21,200 രൂപയും ഐഎവൈ ലോൺ തിരിച്ചടവിനായി 10425000 രൂപയും വകയിരുത്തുന്നു.
കലാ സാംസ്കാരിക മേഖലയിൽ യുവജനങ്ങളുടെ ഉയർച്ച ലക്ഷ്യമിട്ട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ വജ്രജൂബിലി ഫെലോഷിപ്പ് കലാ പരിശീലനം എന്നിവ നടത്തുന്നതിനും മറ്റുമായി വികസന ഫണ്ടിൽനിന്നും 230000 രൂപ വകയിരുത്തുന്നു. ബ്ലോക്ക് റെസ്ക്യൂ ടീം രൂപീകരണവും പരിശീലനവും എന്ന പദ്ധതിക്കായി 1,20,000 രൂപ വകയിരുത്തുന്നു.
വേങ്ങൂർ സി എച്ച് സി യ്ക്ക് മരുന്ന് ,ലാബ് ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് 1200000 രൂപ വകയിരുത്തുന്നു കൂടാതെ ക്യാൻസർ വിമുക്ത എറണാകുളം എന്ന പദ്ധതിക്കായി 200000 രൂപ ജില്ലാപഞ്ചായത്തിന് നൽകുന്നതിനായി നീക്കിവയ്ക്കുന്നു.

റോഡ് കോൺക്രീറ്റിംഗ് റീടാറിംഗ് പാലം നിർമാണം വായനശാല കെട്ടിടം നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് 1,14,21,200 രൂപ വകയിരുത്തുന്നു. പട്ടികജാതി കുടുംബങ്ങളുടെ ക്ഷേമത്തിനായി കോളനികളുടെ സമഗ്ര വികസനം ,എസ് സി കോളനികളിൽ കുടിവെള്ള പദ്ധതി ,എസ് സി വിജ്ഞാനകേന്ദ്രം കെട്ടിടനിർമ്മാണം ,ലൈഫ് ഭവനപദ്ധതി എന്നിവയ്ക്കായി 1,38,05,000 രൂപ വകയിരുത്തുന്നു. ആയതിൽ മുണ്ടൻ തുരുത്ത് എസ് സി കോളനി കുടിവെള്ള പദ്ധതി – സോളാർ പാനൽ സ്ഥാപിക്കൽ എന്ന പദ്ധതിയിലൂടെ ഈ കോളനിയിൽ സൗരോർജ്ജം ഉപയോഗിച്ച് മോട്ടോർ പമ്പ് ചെയ്ത് കുടിവെള്ളം എത്തിച്ച വൈദ്യുതി ബിൽ കുറയ്ക്കാൻ സാധിക്കുമെന്നത് ബ്ലോക്ക് പഞ്ചായത്തിലെ എടുത്തുപറയത്തക്ക ഒരു പദ്ധതിയാണ്. പട്ടികവർഗ്ഗ ക്ഷേമത്തിനായി 4,86,000 രൂപ വകയിരുത്തുന്നു.

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിലവിൽ ഗ്രാമപഞ്ചായത്തുകൾ മുഖാന്തിരമാണ് തൊഴിലാളികൾക്കുള്ള കൂലി വിതരണം ചെയ്യുന്നത്. ഈ വർഷം ലേബർ ബഡ്ജറ്റ് പ്രകാരം 23,28,51,000 രൂപയാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി ബാബു, സെക്രട്ടറി കെ തോമസ്, പഞ്ചായത്ത് അംഗം എം പി പ്രകാശ്, ഗായത്രി വിനോദ് ,കെസി മനോജ് തുടങ്ങിയവർ പങ്കെടുത്തു.