കൊച്ചി: കളക്ടർ വാക്ക് പാലിച്ചതോടെ ആദ്യമായി നഗരത്തിലെത്തിയ കുട്ടമ്പുഴ ആദിവാസി ഊരിലെ ബദൽ സ്കൂൾ കുട്ടികൾ മെട്രോയിലും ബോട്ടിലും യാത്ര ആസ്വദിച്ച് മടങ്ങി. കഴിഞ്ഞ ആഴ്ച്ച കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരിൽ സന്ദർശനം നടത്തിയപ്പോഴാണ് എളംപ്ലാശ്ശേരി ബദൽ സ്കൂൾ കുട്ടികൾ കൊച്ചി നഗരം കാണാൻ വരുമ്പോൾ  മെട്രോ ട്രെയിനിൽ  യാത്ര ചെയ്യാനുള്ള ആഗ്രഹം കുട്ടികൾ കളക്ടറോട് പറഞ്ഞത്. മെട്രോയിൽ കയറാനുള്ള സംവിധാനം ഒരുക്കാമെന്ന് കളക്ടർ കുട്ടികളോട് പറഞ്ഞിരുന്നു.

എളംപ്ലാശ്ശേരി ഏകാദ്ധ്യാപക സ്കൂളിലെ 13 കുട്ടികളും അഞ്ചുകുടി ഏകാദ്ധ്യാപക സ്കൂളിലെ 19 കുട്ടികളും അദ്ധ്യാപകരും മാതാപിതാക്കളുമാണ് വിനോദയാത്രാ സംഘത്തിലുണ്ടായിരുന്നത്. അദ്ധ്യാപകരായ സെലിൻ പി.മാത്യുവിന്റെയും ജോസി സെബാസ്റ്റ്യന്റെയും വാർഡ് മെമ്പർ അരുൺ ചന്ദ്രന്റെയും നേതൃത്വത്തിലാണ് കുട്ടികൾ നഗരം കാണാൻ എത്തിയത്. ആദ്യമായിട്ടാണ് കുട്ടികൾ പുറം ലോകം കണ്ടത്. എസ്കലേറ്ററിൽ കയറാൻ ഭയപ്പെട്ട് മടിച്ച് നിന്നെങ്കിലും ധൈര്യം സംഭരിച്ച് എല്ലാവരും കയറി. മെട്രോയിൽ കയറിയപ്പോൾ പലരുടെയും മുഖത്ത് പേടിയും അമ്പരപ്പുമായിരുന്നു. അബരചുംബികളായ ഫ്ലാറ്റുകൾ പലരിലും അത്ഭുതം ഉളവാക്കി. മെട്രോയിൽ നിന്ന് ഇറങ്ങി ഡിറ്റിപിസിയുടെ ബോട്ടിൽ വേമ്പനാട്ട് കായലിലൂടെ യാത്ര. ഡിറ്റിപിസി സൂപ്പർവൈസർ കെ.റ്റി. രാജീവ് കായൽപ്പരപ്പിലെ കെട്ടിടങ്ങളും ബോട്ടുകളും കപ്പലുകളും കുട്ടികൾക്ക് പരിചയപ്പെടുത്തി. കൊച്ചിൻ ഷിപ്യാർഡ് സംഭാവന ചെയ്ത അയ്യായിരം രൂപയുടെ പുസ്തകങ്ങൾ കൃതി രാജ്യാന്തര പുസ്തകമേളയിൽ നിന്ന് കുട്ടികൾക്ക് നൽകി. തുടർന്ന് പുതുവൈപ്പ് ബീച്ച് , ലൈറ്റ് ഹൗസ്, സുഭാഷ് പാർക്ക് എന്നിവിടങ്ങളിലും സമയം ചെലവഴിച്ചു. വൈകിട്ടത്തെ ഐഎസ്എൽ ഫുട്ബോൾ മത്സരം കളക്ടർക്കൊപ്പം ആസ്വദിച്ചാണ് കുട്ടികൾ മടങ്ങിയത്.