പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വി.വി വസന്തകുമാറിന്റെ ഭൗതികശരീരം ശനിയാഴ്ച നാട്ടിലെത്തിക്കും. രാവിലെ 8.55ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങും. തുടർന്ന് സ്വദേശമായ വയനാട്ടിലേക്ക് കൊണ്ടുവരും. ലക്കിടി ഗവ എൽ.പി. സ്‌കൂളിൽ പൊതുദർശനത്തിനു ശേഷം തൃക്കൈപ്പറ്റ വില്ലേജ് മുക്കംകുന്നിലെ തറവാട്ടുവളപ്പിൽ സംസ്ഥാന-സൈനിക ബഹുമതികളോടെ സംസ്‌കരിക്കും.
വ്യാഴാഴ്ച വൈകീട്ട് 3.30ഓടെയാണ് ജമ്മു-ശ്രീനഗർ പാതയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണമുണ്ടായത്. ലക്കിടി കുന്നത്തിടവക വില്ലേജിൽ വാഴക്കണ്ടി വീട്ടിൽ വാസുദേവൻ-ശാന്ത ദമ്പതികളുടെ മകനായ വസന്തകുമാർ 2001 – ആണ് സിആർപിഎഫിൽ ചേർന്നത്. ഹവിൽദാറായി സ്ഥാനക്കയറ്റം ലഭിച്ചതിനു ശേഷം ലഭിച്ച അവധി കഴിഞ്ഞ് ഫെബ്രുവരി എട്ടിനാണ് കശ്മീരിലേക്ക് മടങ്ങിയത്. രണ്ടു വർഷം കഴിഞ്ഞ് വിരമിക്കാനിരിക്കുകയായിരുന്നു. ഷീനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
