പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്ന സംസ്ഥാനത്തെ ആദ്യ ഹരിത നിര്‍മിതി
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഹരിത തത്വങ്ങള്‍ പാലിച്ചുകൊണ്ട് നിര്‍മിക്കുന്ന ആദ്യ കെട്ടിടമായ ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസിന് പത്തനംതിട്ട കുലശേഖരപതിയില്‍ ആറ•ുള എംഎല്‍എ വീണാജോര്‍ജും ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയും ചേര്‍ന്ന് ആധാരശിലയിട്ടു. നിര്‍മാണോദ്ഘാടനം പിന്നീട് നടക്കും. ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസ് നിര്‍മിക്കുന്നതിനായി 2016ല്‍ മില്‍മയുടെ കൈവശമുണ്ടായിരുന്ന 72.82 സെന്റ് സ്ഥലം ഏറ്റെടുത്ത് ക്യാമ്പ് ഓഫിസിന്റെ ആവശ്യത്തിനായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ക്യാമ്പ് ഓഫീസ് നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട നിര്‍മാണ മേഖലയില്‍ ഹരിത തത്വങ്ങളിലും പാരിസ്ഥിതിക സുസ്ഥിര വികസനത്തിലും ഊന്നിയുള്ള കെട്ടിട നിര്‍മാണത്തിന് തീരുമാനം എടുത്ത ശേഷം സംസ്ഥാനത്ത് ആദ്യമായി ഹരിത മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിര്‍മാണം ഏറ്റെടുക്കുന്ന കെട്ടിടമെന്ന പ്രത്യേകതയാണ് ഇതിനുള്ളതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
പ്രകൃത്യജന്യ വിഭവങ്ങളുടെയും പുനരുപയോഗം ഇല്ലാത്ത വിഭവങ്ങളുടെയും ഉപഭോഗം പരമാവധി കുറച്ച് പുനരുപയോഗിക്കുവാന്‍ കഴിയുന്ന വിഭവങ്ങളുപയോഗിച്ചാണ് നിര്‍മാണം നടത്തുന്നത്. പ്രദേശത്തിന്റെ ചരിവിനനുസൃതമായി സൗരോര്‍ജം ക്രമാനുഗതമായി ഉപയോഗപ്പെടുത്തിയും ആവശ്യാനുസരണം സ്വാഭാവിക വായുസഞ്ചാരം ഉറപ്പുവരുത്തിയുമാണ് ഹരിത മാതൃകയിലുള്ള നിര്‍മാണങ്ങള്‍ നടത്തുന്നത്. കേന്ദ്ര ഹരിത റേറ്റിംഗ് ഏജന്‍സിയായ ഗൃഹയില്‍ ഈ കെട്ടിടത്തിന്റെ നിര്‍മാണം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്ന ആദ്യത്തെ ഹരിതനിര്‍മിതി പത്തനംതിട്ട ജില്ലയിലാണെന്നത് ഏറെ അഭിമാനകരാമാണെന്ന് ചടങ്ങില്‍ സംബന്ധിച്ച വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. വനവിസ്തൃതി ഏറെയുള്ള ജില്ലയില്‍ പ്രകൃതിക്കിണങ്ങിയ നിര്‍മിതികള്‍ ഉണ്ടാകുന്നത് പ്രകൃതിസംരക്ഷണത്തിന് മുതല്‍കൂട്ടാകുമെന്നും എംഎല്‍എ പറഞ്ഞു.
പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൂടുതലായി നിര്‍മാണത്തിന് ഉപയോഗിക്കുന്ന രീതിയിലാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. വൈദ്യുതി ഉത്പാദനത്തിനായി സോളാര്‍ സംവിധാനം, മഴവെള്ള സംഭരണത്തിനുള്ള സംവിധാനങ്ങള്‍, അകത്തെ ഭിത്തികളില്‍ സിമന്റിന് പകരം ജിപ്‌സം പ്ലാസ്റ്ററിംഗ്, ലെഡ് വിമുക്ത പെയിന്റുകള്‍, വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി എല്‍ഇഡി ബള്‍ബുകള്‍, ബിഇഇ സ്റ്റാര്‍ റേറ്റിംഗുള്ള സീലിംഗ് ഫാനുകള്‍ എന്നിവയുടെ ഉപയോഗം, കെട്ടിടത്തിന് വെളിയില്‍ മഴവെള്ളതിന് ഊര്‍ന്നിറങ്ങാന്‍ കഴിയുന്ന തരത്തിലുള്ള എക്സ്റ്റീരിയല്‍ ടൈലുകളുടെ ഉപയോഗം, തദ്ദേശീയമായ മരങ്ങളും കുറ്റിച്ചെടികളും ഉപയോഗിച്ചുള്ള ലാന്‍ഡ് സ്‌കേപ്പിംഗ് തുടങ്ങി പ്രകൃതിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന രീതിയിലുള്ള ഒരു നിര്‍മിതിയാണ് പൊതുമരാമത്ത് വകുപ്പ് വിഭാവനം ചെയ്തിട്ടുള്ളത്.
എട്ട് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന് 4842 ച.അടി വിസ്തീര്‍ണമാണുള്ളത്. ജില്ലാ കളക്ടറുടെ പേഴ്‌സണല്‍ സ്റ്റാഫിന് താമസിക്കുന്നതിനുള്ള സൗകര്യം, ക്യാമ്പ് ഓഫീസിനുള്ള വിപുലമായ സൗകര്യങ്ങള്‍ തുടങ്ങിയവ കെട്ടിടത്തിലുണ്ട്. 1.25 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. കെ.വി റജി, കടമ്പാട്ട് ബില്‍ഡേഴ്‌സ് എറണാകുളമാണ് കെട്ടിടത്തിന്റെ കോണ്‍ട്രാക്ട് ഏറ്റെടുത്തിട്ടുള്ളത്. ശിലാസ്ഥാപന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ വി.എ.ഷാജഹാന്‍, ആര്‍ഡിഒമാരായ എം എ റഹിം, ടി.കെ.വിനീത്, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്.സുധ, ഡെപ്യൂട്ടി കളക്ടര്‍മാരായ പി.അജന്തകുമാരി, വി.ബി.ഷീല, എന്‍.ജയശ്രീ, ഹുസൂര്‍ ശിരസ്തദാര്‍ വില്യം ജോര്‍ജ്, മുന്‍ നഗരസഭാ കൗണ്‍സിലര്‍ എം.സി.ഷെറീഫ് തുടങ്ങിയവര്‍ പങ്കെടുത്തു. പത്തനംതിട്ട കുമ്പഴ റോഡില്‍ കുലശേഖരപതി – പമ്മം റോഡിലാണ് പുതിയ കെട്ടിടം പണിയുന്നത്.
