മുഹമ്മ:ജില്ലയിൽ ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് മുഹമ്മയിൽ ചേർന്ന ഉത്തരവാദിത്വ ടൂറിസം പദ്ധതി ഏകദിന ശിൽപശാല. സംസ്ഥാന ടൂറിസം വകുപ്പിന്റേയും ഉത്തരവാദിത്ത ടൂറിസം മിഷന്റെയും ആഭിമുഖ്യത്തിലാണ് മുഹമ്മയിൽ പദ്ധതിയുടെ ഉദ്ഘാടനവും
ഏകദിന അവബോധ ശില്പശാലയും നടന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ല കളക്ടർ എസ്.സുഹാസ് മുഖ്യാതിഥിയായി. മുഹമ്മ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ മഞ്ജു അധ്യക്ഷത വഹിച്ചു.ടൂറിസം മേഖലയുടെ ഗുണഫലങ്ങൾ തദ്ദേശ വാസികൾക്ക് ലഭിക്കാനും ദോഷ ഫലങ്ങൾ കുറയ്ക്കുവാനും ലക്ഷ്യമിടുന്ന ഉത്തരവാദിത്വ ടൂറിസം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ ഉത്തരവാദിത്വ ടൂറിസം മിഷൻ രൂപീകരിച്ചിരിക്കുന്നത്. പ്രവർത്തനം ആരംഭിച്ച് ഒരു വർഷം തികയുമ്പോൾ സംസ്ഥാനത്താകെ 75000 പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചിരിക്കുന്നത.്പ്രളയാനന്തരം ആലപ്പുഴയുടെ ടൂറിസം മേഖലയ്ക്ക് ഉണർവ്വ് പകരാൻ പദ്ധതി സഹായിക്കുമെന്ന്് ജില്ല കളക്ടർ പറഞ്ഞു.പദ്ധതിയിൽ കാർഷിക മേഖലയേയും പാതിരമണലിന്റെ വികസനവും ഉൾപ്പെടുത്തണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ചടങ്ങിൽ സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷൻ കോ ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി. ജി.അഭിലാഷ് കുമാർ,ഡി. ടി. പി.സി.സെക്രട്ടറി എം.മാലിൻ, ഉത്തരവാദിത്വ മിഷൻ ജില്ല കോർഡിനേറ്റർ ഹരീഷ് എസ്.എന്നിവർ സംസാരിച്ചു . ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങൾ കേരളത്തിൽ,ഓണ്‌ലൈൻ പ്ലാറ്റ്ഫോമുകൾ,ആലപ്പുഴ ജില്ലയിലെ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകളും നടന്നു.