ഭൂരഹിതരായ ആദിവാസി വിഭാഗങ്ങൾക്ക് നിയമപരമായി ലഭിക്കേണ്ട ഭൂമി ലഭ്യമാക്കാൻ സർക്കാർ നടപടി ഊർജ്ജിതമാക്കുമെന്ന് സംസ്ഥാന പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ, നിയമ സാംസ്‌കാരിക, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി പട്ടികവർഗ്ഗ വകുപ്പിന്റെ വിവിധ പദ്ധതികൾ കൽപ്പറ്റ അമൃദ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളപ്പൊക്കക്കെടുതികൾ നേരിട്ട പട്ടികവർഗ്ഗക്കാരുടെ പുനരധിവാസത്തിന്റെ ഭാഗമായി ഭൂരേഖ വിതരണം, ഗോത്രജീവിക സംഘങ്ങൾക്കുള്ള ധനസഹായ വിതരണം, അമൃദിനു വേണ്ടി നിർമ്മിച്ച മൾട്ടി ട്രെയിനിംഗ് കോംപ്ലക്സും മന്ത്രി ഉദ്ഘാടനം ചെയ്തു. സുപ്രീംകോടതി വിധിപ്രകാരം 19,000 ഏക്കർ ഭൂമി ആദിവാസികൾക്ക് അവകാശപ്പെട്ടതാണ്. അർഹതപ്പെട്ടവരിൽ ചുരുക്കം ആദിവാസികൾക്കു മാത്രമാണ് ഇതുവരെ ഭൂമി വിതരണം ചെയ്യാൻ കഴിഞ്ഞത്. വനം വകുപ്പിന്റെ കൈവശമുള്ള അവശേഷിക്കുന്ന ഭൂമി ഭൂരഹിതരായ ആദിവാസികൾക്ക് നൽകാൻ നടപടിയെടുക്കും. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വനം-റവന്യൂ വകുപ്പുകളുടെയും ബന്ധപ്പെട്ട കളക്ടർമാരുടെയും യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി ലഭ്യമാക്കാൻ ജില്ലാ കളക്ടർമാരുടെ അടിയന്തര ഇടപെടൽ വേണം. ഇതിനായി വനം വകുപ്പിന്റെ സഹകരണവും മന്ത്രി ആവശ്യപ്പെട്ടു. ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി 10,000 കോടിയുടെ വിവിധ പദ്ധതികളാണ് സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

വർഷങ്ങളായി വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്ന കോട്ടത്തറ പഞ്ചായത്തിലെ വൈശ്യൻ കോളനി, പുൽപ്പള്ളി പഞ്ചായത്തിലെ പാളക്കൊല്ലി, നൂൽപ്പുഴ പഞ്ചായത്തിലെ കാക്കത്തോട്, ചാടകപ്പുര പട്ടികവർഗ്ഗ കോളനികളിലെ 171 പേരെയാണ് പുനരധിവസിപ്പിക്കുന്നത്. വെങ്ങപ്പള്ളി, പുൽപ്പള്ളി, നൂൽപ്പുഴ പഞ്ചായത്തുകളിൽ കണ്ടെത്തിയ 20 .52 ഏക്കർ ഭൂമിയാണ് പുനരധിവാസത്തിനായി ഉപയോഗിക്കുക. സംസ്ഥാന ആദിവാസി പുനരധിവാസ വികസന മിഷൻ അനുവദിച്ച ആറു കോടി രൂപ ഉപയോഗിച്ചാണ് ഭൂമി ലഭ്യമാക്കിയത്. ആദ്യഘട്ടത്തിൽ നടപടികൾ പൂർത്തിയാക്കിയ ഗുണഭോക്താക്കളുടെ ഭൂരേഖ മന്ത്രി വിതരണം ചെയ്തു. മുഴുവൻ പുനരധിവാസ നടപടികളും മാർച്ചോടെ പൂർത്തിയാക്കാനാണ് ഉദ്ദേശ്യം. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് (സി.എം.ഡി) ഫണ്ട് മുഖേന വെങ്ങപ്പള്ളി ഗോത്രജീവിക സ്വാശ്രയ സംഘത്തിന് 4.13 ലക്ഷവും പനമരം ഗോത്രജീവിക സ്വാശ്രയ സംഘത്തിന് 4.08 ലക്ഷവും മീനങ്ങാടി ഗോത്രജീവിക സ്വാശ്രയ സംഘത്തിന് 3.95 ലക്ഷവും മന്ത്രി വിതരണം ചെയ്തു. പട്ടികവർഗ വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽ നിന്നും അനുവദിച്ച 1.25 കോടി രൂപ ചെലവിലാണ് മൾട്ടി ട്രെയിനിംഗ് കോംപ്ലക്സ് നിർമ്മിച്ചത്. കൂടുതൽ തൊഴിൽ സാധ്യതയുള്ള നൈപുണ്യ മേഖലയിൽ പരിശീലനം നൽകുക, ഉത്പാദന യൂണിറ്റുകൾ കൂടുതൽ പേർക്ക് തൊഴിൽ നൽകും എന്നിവയാണ് ലക്ഷ്യം. പട്ടികവർഗ വിഭാഗങ്ങളുടെ തൊഴിൽപരമായ പുരോഗതി ലക്ഷ്യമാക്കി 1990 മുതൽ കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് അംബേദ്കർ മെമ്മോറിയൽ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്പ്മെന്റ് (അമൃദ്).കെട്ടിട നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കിയ ജില്ലാ നിർമ്മിതി കേന്ദ്ര എക്സിക്യൂട്ടിവ് സെക്രട്ടറി ഒ.കെ സാജിത്തിനെ വേദിയിൽ മന്ത്രി ആദരിച്ചു.

സി.കെ ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എ.ആർ അജയകുമാർ, ഫിനാൻസ് ഓഫീസർ എ.കെ ദിനേശൻ, സംയോജിത ആദിവാസി വികസന ഓഫീസർ പി. വാണിദാസ്, സി.എം.ഡി പ്രതിനിധി പി.ജി അനിൽ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.