പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വി.വി വസന്തകുമാറിന്റെ വീട്ടിൽ ആശ്വാസവാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹെലികോപ്റ്ററിൽ വയനാട്ടിലെത്തിയ മുഖ്യമന്ത്രി കാർമാർഗം രാവിലെ 8.50ഓടെ തൃക്കൈപ്പറ്റയിലെ വാഴക്കണ്ടി തറവാട്ടിലെത്തി. ഭാര്യ കമലാ വിജയനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 15 മിനിറ്റോളം അവിടെ ചെലവഴിച്ച അദ്ദേഹം വസന്തകുമാറിന്റെ ഭാര്യ ഷീനയോടും ബന്ധുക്കളോടും വിവരങ്ങൾ ആരാഞ്ഞു. ബികോം ബിരുദധാരിയായ ഷീനയ്ക്ക് നിലവിൽ ജോലി ചെയ്യുന്ന പൂക്കോട് വെറ്ററിനറി യൂനിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് തസ്തികയിൽ സ്ഥിരനിയമനം നൽകുമെന്ന മന്ത്രിസഭ തീരുമാനം അദ്ദേഹം കുടുംബത്തെ അറിയിച്ചു. ഇതിനു പുറമെ പൊലീസിൽ എസ്ഐ തസ്തികയിൽ നിയമനമെന്ന വാഗ്ദാനവും മുഖ്യമന്ത്രി നൽകി. ഇതിൽ ഏതു വേണമെന്ന് ആലോചിച്ച് തീരുമാനിക്കാം. ലക്കിടിയിൽ കൈവശമുള്ള ഭൂമിയിൽ അനുയോജ്യമെന്നു കണ്ടെത്തുന്ന സ്ഥലത്തോ സമീപത്തെ പൊതുഭൂമിയിലോ വീട് നിർമിച്ചു നൽകും. കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കുമെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം ഷീന മുഖ്യമന്ത്രിക്ക് നൽകി. ലക്കിടിയിലെ ഭൂമിക്ക് ആവശ്യമായ രേഖകൾ അനുവദിക്കാനും വസന്തകുമാറിന്റെ സഹോദരി വി.വി വസുമിതയ്ക്ക് ജോലി ലഭ്യമാക്കാനും നടപടിയെടുക്കണമെന്നു നിവേദനത്തിൽ ആവശ്യപ്പെട്ടു. കോട്ടപ്പുറത്ത് തുറമുഖവകുപ്പിൽ സീമാനായി ജോലി ചെയ്യുന്ന വസന്തകുമാറിന്റെ പിതൃസഹോദര പുത്രൻ വി.ആർ സജീവാണ് ഇപ്പോൾ കുടുംബത്തിന്റെ കാര്യങ്ങൾ നോക്കുന്നത്. അതിനാൽ അദ്ദേഹത്തിന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ മറ്റേതെങ്കിലും വകുപ്പിൽ വയനാട്ടിൽ നിയമനം നൽകണമെന്നും ഷീന ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പുനൽകി. സജീവിന്റെ ജോലിക്കാര്യം ഉന്നയിച്ച് വസന്തകുമാറിന്റെ മാതാവ് ശാന്ത തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കും നിവേദനം നൽകി.
കായിക-വ്യവസായവകുപ്പ് മന്ത്രി ഇ.പി ജയരാജൻ, തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എംഎൽഎമാരായ സി.കെ ശശീന്ദ്രൻ, ഒ.ആർ കേളു, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ജില്ലാ കളക്ടർ എ.ആർ അജയകുമാർ, സബ് കളക്ടർ എൻ.എസ്.കെ ഉമേഷ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.