കോലഞ്ചേരി: കേന്ദ്ര റോഡ് പദ്ധതിയില്‍ ഉൾപ്പെടുത്തി ആദ്യഘട്ടം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കോലഞ്ചേരി- കക്കാട്ടുപാറ-പുളിച്ചോട്ടികുരിശ് റോഡ് ഇന്നസെന്റ് എം.പി. നാടിന് സമര്‍പ്പിച്ചു. കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നും 16 കോടിയാണ് റോഡ് നിർമ്മാണത്തിനായി അനുവദിച്ചത്. കോലഞ്ചേരിയിലെ റോഡുുകളുടെ സമഗ്രവികസനത്തിന് 20 കോടിയുടെ കേന്ദ്രാനുമതിയാണ് ലഭിച്ചത്. ഇതു പ്രകാരം കോലഞ്ചേരി-പാറേക്കാട്ടിക്കവല-തമ്മാനിമറ്റം-രാമമംഗലം, പാറേക്കാട്ടിക്കവല-കറുകപ്പിള്ളി, പാറേക്കാട്ടിക്കവല-തോന്നിക്ക-ഞെരിയാംകുഴി-മാങ്ങാട്ടൂര്‍, മഴുവന്നൂര്‍-കാരമോളേല്പീടിക,
കോലഞ്ചേരി-കക്കാട്ടുപാറ-പുളിച്ചോട്ടികുരിശ് 5 റോഡുകളാണ് പദ്ധതിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആധുനിക നിലവാരത്തിലുള്ള ബി.എം., ബി.സി. നിലവാരത്തിലുള്ള ടാറിംഗ്, ഓടകള്‍, കലുങ്കുകള്‍, സംരക്ഷണ ഭിത്തികള്‍, റോഡ് ലൈനുകള്‍, സിഗ്നലുകള്‍, റിഫളക്ടറുകള്‍, സ്ഥലനാമസൂചക ബോര്‍ഡുകള്‍ എന്നിവ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ റോഡുകളും ഏപ്രില്‍ 30-നകം ടാറിംഗ് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
കക്കാട്ടുപാറ ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ പൂത്തൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയന് അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ജോര്‍ജ് ഇടപ്പരത്തി, ബ്ലോക്ക് പഞ്ചായത്തംഗം എന്‍.എന്‍. രാജന്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പോള്‍ വെട്ടിക്കാടന്, സാലി ബേബി, നീമ ജിജോ, അംഗങ്ങളായ ഡോളി സാജു, ജോണ്‍ ജോസഫ്, ഗീത ശശി, എ. സുബാഷ്, ഷൈബി ബെന്നി, കക്ഷിനേതാക്കളായ സി.കെ. വര്‍ഗീസ്, എം.എന്‍. മോഹനന്, എന്‍.വി. കൃഷ്ണന്‍കുട്ടി, വിശ്വംഭരന്, ശ്രീകാന്ത് എസ്. കൃഷ്ണന്, പൗലോസ് മുടക്കുംതല തുടങ്ങിയവര്‍ സംസാരിച്ചു.
ഫോട്ടോ ക്യാപ്ഷൻ: നിർമ്മാണം പൂർത്തിയാക്കിയ കോലഞ്ചേരി – പുളിഞ്ചോട്ടികുരിശ് റോഡിന്റെ ഉദ്ഘാടനം ഇന്നസെന്റ് എം പി നിർവഹിക്കുന്നു.