* മൂന്നുദിവസത്തെ നാഷണൽ സ്റ്റുഡൻറ്‌സ് പാർലമെൻറിന് തുടക്കമായി
ജനാധിപത്യ സംവിധാനത്തിൽ നിന്ന് മാറിനിൽക്കുകയല്ല, അതിൽ പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കാനാണ് യുവാക്കൾ ശ്രമിക്കേണ്ടതെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായ ‘ഫെസ്റ്റിവൽ ഓൺ ഡെമോക്രസി’യിലെ രണ്ടാമത്തെ പരിപാടിയായ ‘നാഷണൽ സ്റ്റുഡൻറ്‌സ് പാർലമെൻറ്-കേരള 2019’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യപ്രക്രിയയിൽനിന്ന് നിന്ന് മാറിനിൽക്കാനുള്ള പ്രവണത യുവാക്കളിൽ കൂടിവരുന്ന സാഹചര്യത്തിൽ ജനാധിപത്യസംവിധാനം ഇന്ത്യയിൽ കൊണ്ടുവരാൻ നടത്തിയ പോരാട്ടങ്ങൾ പുതുതലമുറയെ ഓർമ്മപ്പെടുത്തേണ്ടത് അനിവാര്യമാണ്.  മികച്ച ജനാധിപത്യത്തിന് യുവാക്കൾ മുന്നോട്ടുവരണം.
പാർലമെൻററി ജനാധിപത്യമാണ് ഇന്ത്യയെ യോജിപ്പിച്ച് കൊണ്ടുപോകാൻ നല്ലതെന്ന് തിരിച്ചറിഞ്ഞാണ് അത്തരം സംവിധാനത്തിലേക്ക് രാജ്യം സ്വാതന്ത്ര്യപോരാട്ടങ്ങളിലൂടെ മാറിയത്.
ജനാധിപത്യം ഒരുരാത്രികൊണ്ട് മികച്ചതായി ജനിക്കില്ല. ഏതൊരു പ്രക്രിയയും പോലെ വളർച്ചയ്ക്കനുസരിച്ച് പരിണാമപ്പെട്ട് മികവ് വർധിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങൾ രാഷ്ട്രീയമായ വിദ്യാഭ്യാഭ്യാസം നേടേണ്ടത് അനിവാര്യമാണ്. രാഷ്ട്രീയവിദ്യാഭ്യാസമെന്ന് കേവലം രാഷ്ട്രീയകക്ഷികളുമായി ബന്ധപ്പെട്ടത് മാത്രമല്ല. അത് ഭരണം സംബന്ധിച്ച ശാസ്ത്രവും കലയുമാണ്.
നമ്മുടെ ആശങ്കളും വിയോജിപ്പുകളും രേഖപ്പെടുത്തുമ്പോഴാണ് ജനാധിപത്യത്തിലെ കുറവുകൾ നമ്മൾ ചൂണ്ടിക്കാട്ടി അത് തിരുത്താൻ അവസരമൊരുക്കുന്നത്.
കേരള നിയമസഭ ഒട്ടേറെ ചരിത്രപരമായ നിയമങ്ങൾ നിർമിച്ച സഭയാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇത് മനസിലാക്കാൻ ശ്രമിച്ച് കൂടുതൽ മികച്ചതാക്കാനുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തണം.
കേരളത്തിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയകക്ഷികളുടെയും ഐക്യവും സഹകരണവും വിവിധ കാലങ്ങളിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരുമയോടെ നടത്തിയ പ്രവർത്തനം ചൂണ്ടിക്കാട്ടി ഗവർണർ വിശദീകരിച്ചു.
ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനാധിപത്യത്തിന്റെ മൂല്യങ്ങളും സാധ്യതകളും യുവാക്കളെ ബോധ്യപ്പെടുത്താനുദ്ദേശിച്ചാണ് സ്റ്റുഡൻറ്‌സ് പാർലമെൻറ് സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർ മുഖ്യപ്രഭാഷണം നടത്തി. യൂണിസെഫ് ഇന്ത്യ പ്രതിനിധി ഡോ. യാസ്മിൻ അലി ഹഖ്, എം.ഐ.ടി പൂനെ എക്സിക്യൂട്ടീവ് പ്രസിഡൻറ് രാഹുൽ വി. കാരാട് എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി സ്വാഗതവും നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന പ്ലീനറി സെഷനിൽ ‘ദി ഐഡിയ ഓഫ് ഇന്ത്യ’ എന്ന വിഷയത്തിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, മുൻ എം.പി അബ്ദുസ്സമദ് സമദാനി, സെൻറർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് ഡയറക്ടർ ജനറൽ എം.ആർ. രാഘവ വാര്യർ, സ്വാമി അഗ്നിവേശ്  എന്നിവർ വിഷയാവതരണം നടത്തി. ഉച്ചക്കുശേഷം മൂന്നു റീജിയണൽ സെഷനുകളും നടന്നു. നാഷണൽ സ്റ്റുഡൻറ്‌സ് പാർലമെൻറ് 25ന് സമാപിക്കും.