പഴമ്പാലക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യ -സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. പഴമ്പാലക്കോട് ഗവ. പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടവും ഹോസ്റ്റലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ നാല് ഡോക്ടര്‍മാരുടെ സേവനമുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ രണ്ട് സ്റ്റാഫ് നഴ്‌സ് കൂടെയായാല്‍ കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റും. 80 ശതമാനം സീറ്റുകള്‍ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്ത സ്ഥാപനം ആരോഗ്യവകുപ്പിന് മികച്ച മുതല്‍ക്കൂട്ടാണെന്നും മന്ത്രി പറഞ്ഞു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലൊമ കോഴ്‌സ് നടത്തുന്ന സംസ്ഥാനത്തെ മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലൊന്നായ പഴമ്പാലക്കോട് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിന് മാതൃകയായ സ്ഥാപനമാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. സര്‍ക്കാര്‍ ഹോസ്റ്റലുകളില്‍ മികച്ച താമസസൗകര്യങ്ങളും ഭക്ഷണവുമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
എസ്.സി-എസ്.ടി ഫണ്ടില്‍നിന്നും 4.55 കോടി വകയിരുത്തിയാണ് കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 80 വിദ്യാര്‍ഥികള്‍ക്കുള്ള താമസ സൗകര്യം ഹോസ്റ്റലില്‍ ഒരുക്കിയിട്ടുണ്ട്. പഴമ്പാലക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കെട്ടിടത്തിലാണ് ഇതുവരെ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിച്ചിരുന്നത്.
പി.കെ ബിജു എം.പി പരിപാടിയില്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണി, തരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മനോജ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ലീല മാധവന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശിനി സുന്ദരന്‍, തരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. വാസു, തരൂര്‍ പഞ്ചായത്ത് അംഗം കെ. കൃഷ്ണന്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യു. പി ജയശ്രീ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി റീത്ത, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.വി രവിരാജ്, പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴ്‌സ് ഡയറക്ടര്‍ ഡോ.സി എല്‍. ജോബി, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ പങ്കെടുത്തു.