നെന്മാറ- അയിലൂര്‍- മേലാര്‍ക്കോട് സമഗ്ര ശുദ്ധജല വിതരണ പദ്ധതി പ്രവര്‍ത്തനോദ്ഘാടനം

കുടിവെള്ളം കണക്ഷന്‍ എടുക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് മാസഗഡുക്കളായി തുക അടയ്ക്കാനുള്ള പദ്ധതി ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷണന്‍ കുട്ടി പറഞ്ഞു. പദ്ധതി നടപ്പായാല്‍ ഒറ്റതവണ തുക അടയ്‌ക്കേണ്ട ആവശ്യമുണ്ടാവില്ലെന്നും ഇത് ഒട്ടേറെ പേര്‍ക്ക് ഗുണകരമാവുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയിലുള്‍പ്പെടുത്തി നെന്മാറ- അയിലൂര്‍- മേലാര്‍ക്കോട് പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര ശുദ്ധജല വിതരണ പദ്ധതി വിപുലീകരണത്തിന്റെ ഒന്നാം ഘട്ടം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബത്തിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട സ്വയംതൊഴില്‍ സംരംഭങ്ങള്‍ ഉപകാരപ്രദമാണ്. അതിനാല്‍ ജലസേചന വകുപ്പ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ സര്‍ക്കാര്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.


പോത്തുണ്ടി ഡാമിന് സമീപം 12.5 ദശലക്ഷം പ്രതിദിന ശേഷിയുള്ള ജലശുദ്ധീകരണശാലയും അനുബന്ധഘടങ്ങളായ പമ്പിങ് മെയിന്‍, പമ്പ് സെറ്റ് പ്രവര്‍ത്തനോദ്ഘാടനവും 2018-19ലെ സംസ്ഥാന പ്ലാന്‍പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെന്മാറ ഗ്രാമപഞ്ചായത്തിലെ 12,13,14 വാര്‍ഡുകളിലേക്ക് പൈപ്പ്‌ലൈന്‍ ദീര്‍ഘിപ്പിക്കുന്ന പ്രവൃത്തിയുടെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഡാമിനു സമീപത്ത് നടന്ന പരിപാടിയില്‍ കെ.ബാബു എം.എല്‍.എ അധ്യക്ഷനായി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന്‍, നെന്മാറ, അയിലൂര്‍, മേലാര്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ- ബ്ലോക്ക്ാ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, മെംര്‍മാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, കേരള വാട്ടര്‍ അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥര്‍ സംസാരിച്ചു.