ആയിരം ദിനാഘോഷത്തിന്റ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച ഡോക്യുമെന്ററി ഫെസ്റ്റ്  സാംസ്‌കാരിക പ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനുമായ വേണു ചെലവൂര്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ ഡോക്യുമെന്ററിയില്‍ നിന്ന് അകലുന്ന അവസ്ഥ ഉണ്ട്. ഡോക്യുമെന്ററി ജനങ്ങളിലേക്ക് എത്താത്ത അവസ്ഥയും ഉണ്ട്. സര്‍ക്കാര്‍ ഡോക്യുമെന്ററികള്‍ തയ്യാറാക്കുന്നതിനൊപ്പം ജനങ്ങളിലേക്ക് അത് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. വലിയ ദുരന്തങ്ങളും അധികം ശ്രദ്ധിക്കപ്പെടാത്ത കാര്യങ്ങളും സംബന്ധിച്ച് ആയിരക്കണക്കിന് ഡോക്യുമെന്ററികള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. അവ പ്രയോജനപ്പെടുന്ന രീതിയില്‍ ജനശ്രദ്ധ നേടണം. അദ്ദേഹം പറഞ്ഞു.
ആദ്യദിനം എം വേണുകുമാര്‍ സംവിധാനം ചെയ്ത  34 മിനുറ്റ് ദൈര്‍ഘ്യമുള്ള പ്രളയ ശേഷം ഹൃദയപക്ഷം, നാടക-ചലച്ചിത്ര നടന്‍ പ്രേംജിയെ കുറിച്ച് നീലന്‍ സംവിധാനം നിര്‍വഹിച്ച പ്രേംജി- ഏകലോചന ജന്മം എന്നീ ഡോക്യുമന്ററികള്‍ പ്രദര്‍ശിപ്പിച്ചു. പ്രളയത്തിലകപ്പെട്ട കേരളത്തെയും അതിജീവനത്തെയും അനാവരണം ചെയ്യുന്ന ഡോക്യുമെന്ററിയാണ് പ്രളയ ശേഷം ഹൃദയപക്ഷം. മുല്ലമംഗലത്ത് പരമേശ്വരന്‍ ഭട്ടതിരിപ്പാടിനെ കുറിച്ചുള്ളതാണ് പ്രേംജി-ഏകലോജന ജന്മം എന്ന ഡോക്യുമെന്ററി. വജ്രകേരളം പദ്ധതിയോടനുബന്ധിച്ച് 16 ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.  ഇന്ന് (ഫെബ്രുവരി 25) വൈകീട്ട് 4.30 ന് ക്ഷേത്രപ്രവേശന വിളംബരം-സമര വിജയവീഥികള്‍, കടമ്മന്‍-പ്രകൃതിയുടെ പടയണിക്കാരന്‍, വൈലോപ്പിള്ളി ഒരു കാവ്യജീവിതം, 26 ന് പി പത്മരാജന്‍ മലയാളത്തിന്റെ ഗന്ധര്‍വന്‍, രാഗം മണിരംഗ്, അഴീക്കോട് മാഷ്, 27 ന് പൊന്‍കുന്നം വര്‍ക്കി, എന്‍.പി മുഹമ്മദ്, ദേവനായകന്‍ എന്നീ ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും.