അഗ്നിശമനരക്ഷാ സേനയുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍, ആപത് ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, പ്രളയദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍, വാര്‍ത്തകള്‍ എന്നിവയെല്ലാം നേരിട്ട് കാണാന്‍ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എക്‌സിബിഷന്‍ സ്റ്റാളില്‍ എത്തിയാല്‍ മതി. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന മേളയില്‍ മൂന്ന് സ്റ്റാളുകളിലായാണ് അഗ്‌നിശമനരക്ഷാ സേന പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. സ്‌കൂബാ സ്യൂട്ട്, കെമിക്കല്‍ സ്യൂട്ട്, ഫയര്‍മാന്‍ സ്യൂട്ട് എന്നീ മാതൃകകളും പവര്‍ അസന്റര്‍, കോണ്‍ക്രീറ്റ് സോറിവോള്‍വിംഗ് ഹെഡ്, സ്റ്റീല്‍ ഷട്ടര്‍, ഫിയോഴ്‌സ്, ലൈഫ് ഡിറ്റക്റ്റര്‍, ഓസിലേറ്റിംഗ് മോണിറ്റര്‍, ഡ്രൈ കെമിക്കല്‍ പൗഡര്‍, കാര്‍ബണ്‍ഡൈ ഓക്‌സൈഡ് എന്നീ ഉപകരണണങ്ങളും കാണാനും അടുത്തറിയാനും സ്റ്റാളില്‍ എത്തുന്നവര്‍ക്ക് സാധിക്കും. 24 തരത്തിലുള്ള കയര്‍ കെട്ടുകളും തകര്‍ന്നുവീഴുന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും ആളുകളെ രക്ഷപ്പെടുത്താനുള്ള ഉപകരണങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഉയരങ്ങളില്‍ ആളുകള്‍ കുടുങ്ങിയാല്‍ തിരിച്ചിറക്കാനും ആഴങ്ങളില്‍ അകപ്പെട്ടാല്‍ രക്ഷപ്പെടുത്താനും ഉപയോഗിക്കുന്ന കയറുകളാണ് വിവിധ രൂപത്തില്‍ കെട്ടി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നാല്‍ സ്വീകരിക്കേണ്ട നടപടികളും തീ പടര്‍ന്നാല്‍ അണക്കേണ്ട വിധവും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നേരിട്ട് പരിചയപ്പെടുത്തി തരും. പൊള്ളല്‍ ഏറ്റാല്‍ എന്തെല്ലാം ചെയ്യണമെന്നും എന്തെല്ലാം ചെയ്യാന്‍ പാടില്ല എന്നുമുള്ള കൃത്യമായ വിവരണം രേഖപ്പെടുത്തിയിട്ടുണ്ട്. വാഹനാപകടങ്ങളും മറ്റും നടക്കുന്ന ഇടങ്ങളില്‍ ഉപയോഗിക്കുന്ന് ഫ്‌ളഡ് ലൈറ്റും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മേള കാണാന്‍ എത്തുന്നവര്‍ക്ക് അറിവും ചിന്തയും പകരുന്നതാണ് അഗ്നിശമനരക്ഷാ സേനയുടെ സ്റ്റാള്‍.