വയോജനങ്ങളുടെ അവകാശം ഔദാര്യമല്ലെന്നു ‘വയോജന സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം’ സെമിനാർ. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പ്രദർശനമേളയിലാണ് സാമൂഹികനീതി വകുപ്പും വനിതാ ശിശുവികസന വകുപ്പും ചേർന്നു സെമിനാർ സംഘടിപ്പിച്ചത്.
2011-ലെ സെൻസസ് പ്രകാരം കേരളത്തിൽ 40 ലക്ഷം വയോജനങ്ങളുണ്ട്. 2061-ൽ ഇതു 40 ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തൽ. 1982-ലെ വിയന്ന, 1991-ലെ മാഡ്രിഡ് അന്താരാഷ്ട്ര കർമപദ്ധതികളിൽ വയോജനങ്ങളുടെ അവകാശങ്ങൾ കൃത്യമായി എഴുതപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് വയോജനങ്ങളോട് വിവേചനം, അവഗണന, പീഡനം എന്നിവയരുത്. ആരോഗ്യം, തൊഴിലവസരങ്ങൾ, തുല്യതാ പങ്കാളിത്തം, തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയിൽ പങ്കാളിത്തം എന്നിവ അവകാശങ്ങളാണ്.
ഹെൽപ് ഏജ് ഇന്ത്യ നടത്തിയ സർവേയിൽ 79 ശതമാനം വയോജനങ്ങൾക്കും വീട്ടിൽ ബഹുമാനം ലഭിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. 69 ശതമാനം ആളുകൾ അവഗണിക്കപ്പെടുന്നു. 76 ശതമാനം പേരെ വാക്കുകളാലും 39 ശതമാനം വയോജനങ്ങളെ ശാരീരികമായും പീഡിപ്പിക്കുന്നു. 35 ശതമാനം ആളുകൾ ദിവസവും പീഡിപ്പിക്കപ്പെടുന്നുവെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്.
2007 ഡിസംബർ 31നു പ്രാബല്യത്തിൽ വന്ന മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പാരന്റ്‌സ് ആൻഡ് സീനിയർ സിറ്റിസൺസ് ആക്റ്റിനെക്കുറിച്ച് സെമിനാർ ചർച്ച ചെയ്തു. ഇതുപ്രകാരം മാതാപിതാക്കളെ നോക്കാത്ത മക്കൾക്കെതിരെ ആർഡിഒ ട്രൈബ്യൂണലിൽ പരാതിപ്പെടാം. നിയമലംഘനം നടത്തുന്നവർക്ക് ഒരുമാസം ജയിൽശിക്ഷ ലഭിക്കും. മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്ക് മൂന്നുമാസം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. വയോജനക്ഷേമത്തിനുള്ള സംസ്ഥാന നയത്തെക്കുറിച്ചും ചർച്ചയുണ്ടായി.
എഡിഎം കെ. അജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രബേഷൻ ഓഫിസർ അഷ്‌റഫ് കാവിൽ വിഷയാവതരണം നടത്തി. അവധിക്കാല പോറ്റിവളർത്തൽ പദ്ധതിയുടെ പ്രചാരണാർത്ഥം തയ്യാറാക്കിയ ഷോർട്ട് ഫിലിം- ആ താരകം സിഡി പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ജില്ലാ സാമൂഹികനീതി ഓഫിസർ പവിത്രൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. ബാലതാരങ്ങളെ സെമിനാറിൽ ആദരിച്ചു. അങ്കണവാടി കുട്ടികളുടെയും സാമൂഹികനീതി വകുപ്പ് ജീവനക്കാരുടെയും കലാപരിപാടികളും അരങ്ങേറി. ലിംഗസമത്വവും സാമൂഹിക അവബോധവും, നാഷനൽ ന്യൂട്രിമിഷൻ-ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും, ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യങ്ങൾ, സ്ത്രീയും നിയമങ്ങളും എന്നി വിഷയങ്ങളിൽ യഥാക്രമം ഡോ. ടി.കെ ശിവരാമൻ, പനമരം സിഡിപിഒ കാർത്തിക അന്ന തോമസ്, ലിസ, അഡ്വ. ജി ബബിത എന്നിവർ ക്ലാസെടുത്തു.