ബഹുജന പങ്കാളിത്തത്തോടെയുള്ള വന സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. പശുക്കടവ് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുജനങ്ങള്‍ ഒരു ഭാഗത്തും വനംവകുപ്പ് ഒരു ഭാഗത്തും നിന്നുള്ള വന സംരക്ഷണമല്ല വേണ്ടത്. വന്യ ജീവി നാട്ടിലിറങ്ങിയാല്‍ അതിനെ കാട്ടിലേക്ക് വിടാന്‍ പരിചയസമ്പന്നരായവരുമായി ആലോചിച്ച് അവരോടൊപ്പം നിന്ന് അവര്‍ക്ക് ആത്മവിശ്വാസം നല്‍കി ആപത്തില്‍ നിന്ന് രക്ഷിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ടത്. വന്യ ജീവി അക്രമങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ കഴിയില്ല. ഇതിന് പരിശീലനം ലഭിച്ച, വനത്തിനകത്ത് തന്നെയുള്ള ആദിവാസികള്‍, വനവുമായി ചേര്‍ന്ന് താമസിക്കുന്നവര്‍ തുടങ്ങിയവരെ സഹകരിപ്പിച്ചുള്ള പ്രവര്‍ത്തനവും അനിവാര്യമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ വനവും  വന്യജീവികളെയും ഒരേ പോലെ സംരക്ഷിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
വനാര്‍തിര്‍ത്തിയുമായി ചേരുന്ന ഗ്രാമ പഞ്ചായത്തുകളിലെല്ലാം ജനജാഗ്രത സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ സമിതികളില്‍ ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ കണ്‍വീനറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ അധ്യക്ഷരുമാണ്. മൂന്ന് മാസങ്ങളില്‍ ഒരിക്കല്‍ ചേരാന്‍ തീരുമാനിച്ച ഈ സമിതിയില്‍ ആവശ്യമെങ്കില്‍ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കാമെന്നും മന്ത്രി കെ രാജു പറഞ്ഞു. ഇ കെ വിജയന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് വനം ഡിവിഷനില്‍ കുറ്റ്യാടി റെയിഞ്ചില്‍ മുറ്റത്തെപ്ലാവില്‍ പ്രവര്‍ത്തനമാരംഭിച്ച പശുക്കടവ് സെക്ഷന്‍ ഓഫീസ് സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ഉദ്ഘാടനം ചെയ്തത്.
 ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജി ജോര്‍ജ് മാസ്റ്റര്‍, കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, വൈസ് പ്രസിഡന്റ് പി പി ചന്ദ്രന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പുഷ്പ തോട്ടുംചിറ, കെ ടി സുരേഷ്, മായ പുല്ലാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി ശ്രീധരന്‍മാസ്റ്റര്‍, രാഷ്ട്രീയപാര്‍ടി പ്രതിനിധികളായ എ ആര്‍ വിജയന്‍, രാജു തോട്ടുംചിറ, എം സി രവീന്ദ്രന്‍, സൂപ്പി മണക്കര, ബോബി മൂക്കന്തോട്ടം,  എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വി പി ജയപ്രകാശ് സ്വാഗതവും കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ നീതു കെ നന്ദിയും പറഞ്ഞു.